മെഡിക്കൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ബുധനാഴ്ച രാവിലെ എട്ട് മുതൽ 24 മണിക്കൂർ സമരം; അത്യാഹിത വിഭാഗത്തിലടക്കം പണിമുടക്കും

Share our post

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി നവംബർ എട്ടിന് ബുധനാഴ്ച പണിമുടക്കുന്നു. ബുധനാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച രാവിലെ എട്ടുമണി വരെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് പണിമുടക്ക്. 

സെ‌പ്‌തംബർ 29ന് നടത്തിയ സൂചന പണിമുടക്കിന്റെ തുടർച്ചയായിട്ടാണ് നാളത്തെ സമരം. പി.ജി, ഹൗസ് സർജൻ വിഭാഗങ്ങളുടെ ന്യായമായ സ്‌റ്റൈപ്പൻഡ് വർദ്ധനവ്, കേരളത്തിലെ പി.ജി വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ട് അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക, പി.ജി വിദ്യാർഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ ഉന്നമനത്തിനായി രൂപപ്പെട്ട, ആരോഗ്യ സെക്രട്ടറിയുടെ കീഴിലുള്ള കമ്മിറ്റി ഉടൻതന്നെ പ്രവർത്തന സജ്ജമാക്കുക, വിവിധ കോഴ്സുകളിലെ ആരോഗ്യ സർവകലാശാല ഈടാക്കുന്ന വിദ്യാർഥികളുടെ ഫീസ് കുറയ്ക്കുക എന്നിവയാണ് മുന്നോട്ടുവയ്ക്കപ്പെടുന്ന പ്രധാന ആവശ്യങ്ങൾ. 

കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാർത്ഥികൾ മന്ത്രി തലത്തിലും മറ്റ് ഉന്നത അധികാരികളുമായും നടത്തിവന്നിരുന്ന ചർച്ചകൾ വിജയം കാണാത്തതിലാണ് ഇത്തരമൊരു സമരത്തിലേക്ക് നീങ്ങുന്നതെന്നും സമരത്തിന്റെ ഭാഗമായി ബുധനാഴ്‌ച രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി വിഭാഗത്തിന് മുന്നിൽ വിദ്യാർത്ഥികളുടെ ധർണ്ണയും തുടർന്ന് പത്ത് മണിക്ക് ഡി.എം.ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!