ഇരിക്കൂർ ഗവ. ആശുപത്രിയിൽ രാത്രി ചികിത്സയ്ക്ക് കാത്തിരിപ്പ് തുടരുന്നു

ഇരിക്കൂർ : താലൂക്ക് ആശുപത്രിയായി ഉയർത്തി 8 വർഷം കഴിഞ്ഞിട്ടും രാത്രി ചികിത്സ ഇല്ലാതെ ഇരിക്കൂർ ഗവ. ആശുപത്രി. മലയോര മേഖലയിലെ നൂറുകണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട ആശുപത്രിക്കാണ് ഈ ദുർഗതി. വൈകിട്ട് 6ന് ശേഷം ഡോക്ടറുടെ സേവനം ഇല്ലാത്തതിനാൽ രോഗികൾ 30 കിലോമീറ്ററിലേറെ ദൂരെയുള്ള ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്നും.
ഇരിക്കൂർ പഞ്ചായത്തിന് കീഴിലായിരുന്ന ആശുപത്രി കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. രാത്രി ചികിത്സ തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് അടുത്തിടെ ചില തസ്തികകളിൽ പുതിയ നിയമനങ്ങൾ നടത്തിയെങ്കിലും ഡോക്ടർമാർ ഉപരിപഠനവും മറ്റു കാരണങ്ങൾ പറഞ്ഞും സ്ഥലം മാറിപ്പോകുന്നതാണ് തടസ്സം.
11 ഡോക്ടർ തസ്തികയുള്ള ആശുപത്രിയിൽ 7 ഡോക്ടർമാരാണ് ഇപ്പോഴുള്ളത്. കുട്ടികളുടെ വിഭാഗം, ദന്ത വിഭാഗം, ഗൈനക്കോളജി വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ തസ്തിക ഉണ്ടെങ്കിലും ആരും ഇല്ല. ലാബ് ഉണ്ടെങ്കിലും ആവശ്യമായ ജീവനക്കാരുടെ തസ്തിക സർക്കാർ അനുവദിക്കാത്തതിനാൽ താൽക്കാലിക ജീവനക്കാരാണുള്ളത്. സ്വന്തമായി ആംബുലൻസ് ഇല്ലാത്തതിനാൽ ആവശ്യം വരുമ്പോൾ 108 ആംബുലൻസാണ് ആശ്രയം.
ആദ്യം ഡിസ്പൻസറിയായും പിന്നീട് പ്രാഥമിക ആരോഗ്യ കേന്ദ്രമായും പ്രവർത്തിച്ച ആശുപത്രി 2010ലാണ് സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. 2015 സെപ്റ്റംബറിൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും പ്രവർത്തനത്തിന്, ആദ്യം ആവശ്യമായ സൂപ്രണ്ട് തസ്തിക പോലും സർക്കാർ അനുവദിച്ചിട്ടില്ല. ഇരിക്കൂറിനു പുറമെ സമീപ പഞ്ചായത്തുകളായ പടിയൂർ, മലപ്പട്ടം, കൂടാളി, ഏരുവേശ്ശി, ചെങ്ങളായി, പയ്യാവൂർ പഞ്ചായത്തുകളിൽ നിന്നും മട്ടന്നൂർ, ശ്രീകണ്ഠപുരം നഗരസഭകളിൽ നിന്നുമായി ദിനം പ്രതി 700 ലേറെ പേർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.