വെടിക്കെട്ട്: ഓരോ ക്ഷേത്രോത്സവത്തിനും പ്രത്യേക അപേക്ഷയില്‍ സര്‍ക്കാരിന് ഇളവു നല്‍കാം – ഹൈക്കോടതി

Share our post

കൊച്ചി: വെടിക്കെട്ടിന്‌ സംസ്ഥാനത്ത് എന്തെങ്കിലും മാര്‍ഗരേഖയുണ്ടോയെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.

നിരോധനത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും കോടതി പറഞ്ഞു. രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ വെടിക്കെട്ടിന് നിയന്ത്രണമുണ്ടെന്നും എന്നാലത് ക്ഷേത്രോത്സവങ്ങള്‍ക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ് നേരിട്ട് ഹാജരായി. വാദം ഒരു മണിക്കൂറോളം നീണ്ടു നിന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയ്ക്ക് വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണമില്ല.

എന്നാല്‍, അതിനു ശേഷമുള്ള വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം വേണം. പക്ഷേ, ക്ഷേത്രോത്സവങ്ങളുടെ കാര്യത്തില്‍ ഓരോന്നിനും പ്രത്യേക അപേക്ഷകള്‍ പരിഗണിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാം.

സിംഗിള്‍ ബെഞ്ച് ഉത്തരവ് പൂര്‍ണ്ണമായും സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. ദീപാവലിയ്ക്ക് രാത്രി 10-നും 12-നും ഇടയ്ക്ക് വെടിക്കെട്ട് ആവാമെന്ന് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി എ.ജി. കോടതിയെ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!