ഇരിട്ടി : ഇരിട്ടി-കൂട്ടുപുഴ അന്തസ്സംസ്ഥാനപാതയിലും ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലും റോഡരികിലെ കൂറ്റൻമരങ്ങൾ ഉണങ്ങി ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നു. ഇവ കടുത്ത ഭീഷണിയായിട്ടുണ്ടെങ്കിലും മുറിച്ചുമാറ്റാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
ഇരിട്ടി-വളവുപാറ റോഡിൽ ഇരിട്ടി റസ്റ്റ് ഹൗസിന് സമീപവും ഇരിട്ടി-തളിപ്പറമ്പ് റോഡിൽ മൂന്നിടങ്ങളിലും ഇരിട്ടി ടൗണിൽ പഴയപാലം പാർക്കിങ് കേന്ദ്രത്തിന് സമീപത്തുമാണ് ഏതുനിമിഷവും തലയിലേക്ക് പതിക്കാവുന്ന നിലയിൽ കൂറ്റൻമരങ്ങൾ ഉണങ്ങി നിൽക്കുന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരിട്ടി മുതൽ പെരുവംപറമ്പ് വരെയുള്ള ഭാഗങ്ങളിൽ മൂന്നുമരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഉണങ്ങി ദ്രവിച്ച് നിൽക്കുന്നത്.
ഇതിൽ രണ്ടെണ്ണം സ്വകാര്യവ്യക്തികളുടെ പറമ്പിലും മറ്റൊന്ന് പെരുവംപറമ്പ് കല്ലുവയൽ കവലയോട് ചേർന്ന് റോഡരികിലുമാണ്. മറ്റൊന്ന് കുയിലൂർ വളവിന് സമീപം നിരവധി വീടുകളുള്ള സ്ഥലത്ത് റോഡരികിലാണ്. മരം ഉണക്കം ബാധിച്ചപ്പോൾത്തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഒരു വർഷമായിട്ടും മുറിച്ചുമാറ്റിയിട്ടില്ല.
പെട്ടെന്ന് ആരുടെയും ദൃഷ്ടിയിൽപ്പെടില്ലെങ്കിലും പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിന് സമീപം മിൽമ ബൂത്തിന്റെ മുൻവശത്തെ കുന്നിൽ നിൽക്കുന്ന ഉണങ്ങിയ മരം ഏറെ അപകടകാരിയാണ്. തലശ്ശേരി- വളവുപാറ റോഡ് നവീകരണത്തിനായി ഇടിച്ചിറക്കിയ 30 അടിയിലേറെ ഉയരമുള്ള കുന്നിൻ മുകളിൽ നിൽക്കുന്ന ഈ മരം വീഴുക നേരേ ഇരിട്ടി കൂട്ടുപുഴ അന്തസ്സംസ്ഥാനപാതയിലേക്കാണ്.
പെരുവംപറമ്പ് കൊക്കോ സംഭരണ കേന്ദ്രത്തിന്റെ എതിർവശത്തെ റബ്ബർത്തോട്ടത്തിലെ ഉണങ്ങിയ റബ്ബർ മരവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. വൈദ്യുതി ലൈനിലേക്കും റോഡിലേക്കുമാണ് ചെരിഞ്ഞു നിൽക്കുന്നത്. ഈ റബ്ബർത്തോട്ടത്തിൽ അടുത്തിടെ കുറച്ചു ഭാഗം കാട് വെട്ടിത്തെളിച്ചിരുന്നെങ്കിലും ഉണങ്ങിയ റബ്ബർമരം മുറിച്ചുമാറ്റിയില്ല. പെരുവംപറമ്പ്-കല്ലുവയൽ കവലയോടെ ചേർന്ന് നിൽക്കുന്ന മരവും റോഡിലേക്കാണ് പതിക്കുക. ഇരിട്ടി-ഉളിക്കൽ റൂട്ടിലും ഇരിട്ടി-പേരാവൂർ റൂട്ടിലും മരം വീണ് രണ്ട് മരണം സംഭവിച്ചിട്ടും അധികൃതരുടെ ഉറക്കം വിട്ടുമാറുന്നില്ല.
നിയമം പാലിക്കുന്നില്ല
പൊതു ഇടങ്ങളിലെ അപകടഭീഷണിയിലായ മരം സാമൂഹിക വനവത്കരണ വിഭാഗം വില നിശ്ചയിച്ച ശേഷം മുറിച്ചുനീക്കുന്നതിനു പകരം മുറിച്ചുനീക്കിയ ശേഷം വില നിശ്ചയിച്ചാൽ മതിയെന്ന വ്യവസ്ഥയും നടപ്പാകുന്നില്ല. അപകട ഭീഷണിയിലായ മരം മുറിച്ചുമാറ്റാൻ അപേക്ഷയുമായി എത്തുന്നവരുടെ അപേക്ഷ വാങ്ങിവെക്കും. മരത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കാനെത്തുക പലപ്പോഴും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായിരിക്കും.