സഹപാഠിയെ പ്രണയിച്ചെന്നാരോപിച്ച് കൊടും ക്രൂരത; പിതാവ് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു

Share our post

കൊച്ചി: സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കേസിലെ പ്രതി കരുമാലൂർ സ്വദേശി അ‌ബീസ് നേരത്തെ പോലീസ് പിടിയിലായിരുന്നു.

വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടർന്നതിനാണ് പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും വായിൽ വിഷം ഒഴിക്കുകയും ചെയ്തത്. കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുൻപ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ കൈയിൽനിന്ന് ഒരു മൊബൈൽഫോൺ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കായി. കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയ ശേഷം പിതാവ് പെൺകുട്ടിയെ മർദിച്ചു. ഇതിനുശേഷം പിതാവ് പുറത്തേക്കുപോയി. മാതാവ് അകത്തുകയറി നോക്കിയപ്പോൾ പെൺകുട്ടിയുടെ വായിൽ വിഷം ചെന്ന നിലയിലായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മര്‍ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്ന മൊഴി. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!