മലയാളി യുവാവും ഒപ്പം താമസിച്ചിരുന്ന ബംഗാളി യുവതിയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.40-ഓടെ കൊത്തന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.
അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ നാലാംനിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ഫ്‌ളാറ്റില്‍നിന്ന് തീഉയരുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. സൗമിനി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അബിലിനെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദേഹത്ത് പെട്രോളൊഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. വിവാഹിതയായ സൗമിനി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ അബില്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഏതാനുംമാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് രണ്ടുമാസം മുന്‍പാണ് ദൊഡ്ഡഗുബ്ബിയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.
യുവാവുമായുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)