Connect with us

health

ആശങ്കയുയർത്തി ചെള്ളുപനി; മരണം കൂടുതൽ 2022-ൽ, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

Published

on

Share our post

സംസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വർഷം പത്തുമാസത്തിനിടെ പത്തുപേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം 727 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഇതുവരെ 423 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടിയത്.

നവംബർ രണ്ടിന് തൃശ്ശൂർ സ്വദേശിനിയായ 63 വയസ്സുകാരി മരിച്ചതാണ് ഇതിൽ ഒടുവിലത്തേത്. ചികിത്സയിലായിരുന്ന, കാരമുക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടിൽ ഓമനയാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല.

പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് 2022ലാണ്-24 പേർ. 2015-ലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്-1149 പേർ. അന്ന് 15 പേരാണ് മരിച്ചത്. 2019-ൽ 14 പേർ മരിച്ചു. തുടർന്നുള്ള രണ്ടുവർഷം രോഗബാധിതരുടെ എണ്ണവും മരണവും കുറവായിരുന്നു.

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിർണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.

രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങൾ

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ

പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം.
എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയ്യുറയും കാലുറയും ധരിക്കുക.


Share our post

health

രാവിലത്തെ നടത്തമോ, വൈകുന്നേരത്തെ ഓട്ടമോ… ഹൃദയാരോഗ്യത്തിന് ഗുണകരം ഏതാണ്?

Published

on

Share our post

രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്ന ശീലമുണ്ടോ? അതോ വൈകീട്ട് ഓട്ടമാണോ പതിവ്? നിങ്ങൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കുന്നത്. നടത്തമാണോ വൈകുന്നേരത്തെ ഓട്ടമാണോ നല്ലതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് ഇത്തരത്തിലുള്ള ചെറിയ വ്യായാമങ്ങൾ.ഹൃദയാരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. പല ആളുകളും പ്രഭാത നടത്തത്തിന് പ്രാധാന്യം നൽകുമ്പോൾ മറ്റു ചിലർ സായാഹ്ന ഓട്ടത്തെ ഇഷ്ടപ്പെടുന്നു. എന്നാൽ ഇവയിൽ ഏതാണ് ഹൃദയത്തിന് കൂടുതൽ പ്രയോജനം ചെയ്യുക? രണ്ടുതരം വ്യായാമങ്ങൾക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ, പ്രായം, ശാരീരിക ക്ഷമത, ജീവിത ശൈലി എന്നിവയെ ആശ്രയിച്ചായിരിക്കും ഏതാണ് ഉത്തമം എന്ന് മനസിലാവുക.

പ്രഭാത നടത്തം എന്നത് ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും അതുപോലെ വ്യായാമം ചെയ്യാൻ തുടങ്ങുന്നവർക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. മിതമായ വേഗത്തിലുള്ള നടത്തം രക്തയോട്ടം കൂട്ടുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പഠനങ്ങൾ കാണിക്കുന്നത് പ്രഭാത നടത്തം ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും എന്നാണ്.അതിരാവിലെയുള്ള നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതാണ്. ഒരു ദിവസം മുഴുവൻ സുഖകരമായ മാനസികാവസ്ഥ നിലനിർത്താൻ നടത്തം സഹായിക്കും. കൂടാതെ വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാക്കാനും ഇത് അനുയോജ്യമാണ്. ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് രാവിലെയുള്ള നടത്തം.

അമിത ശരീര ൃഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലത്തെ നടത്തം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വെറും വയറ്റിലാണ് നടക്കുന്നതെങ്കിൽ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹ രോഗികൾക്കും രാവിലത്തെ നടത്തം തിരഞ്ഞെടുക്കാവുന്ന ഒന്നാണ്.ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനായി പ്രഭാതത്തിലുള്ള നടത്തം സഹായിക്കും.വൈകുന്നേരത്തെ ഓട്ടം കൂടുതൽ തീവ്രമായ ഹൃദയ വ്യായാമം നൽകുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന ശാരീരിക ക്ഷമതയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമില്ലാത്ത വ്യക്തികൾക്ക് ഇത് വളരെ അനുയോജ്യമാണ്.

ഓട്ടം ഒരു മികച്ച എയറോബിക് വ്യായാമമാണ്. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും, രക്തയോട്ടം വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് വൈകുന്നേരങ്ങളിലെ ഓട്ടം. വൈകുന്നേരങ്ങളിൽ ഓടുന്നത് എച്ച്ഡിഎൽ അളവ് വർധിപ്പിക്കുകയും എൽഡിഎൽ കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഗുണകരമായ ഒന്നാണ് വൈകുന്നേരത്തെ ഓട്ടമെന്നാണ് വിദഗ്ധർ പറയുന്നത്. എയറോബിക് വ്യായാമമായ ഓട്ടം മയോകാർഡിയത്തെ ശക്തിപ്പെടുത്തും.


Share our post
Continue Reading

health

അത്താഴം ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Published

on

Share our post

വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമോ ? അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദർഭങ്ങളിൽ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ പ്രാതലിന് അമിത അളവിൽ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ അളവിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് ബംഗളൂരുവിലെ ഗ്ലെനെഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി ഡോ. കാർത്തിഗൈ സെൽവി എ. പറഞ്ഞു.

കൂടാതെ, അത്താഴം ഒഴിവാക്കുന്നത് ശരീരം കോർട്ടിസോളിൻ്റെ (സ്ട്രെസ് ഹോർമോൺ) ഉൽപാദനം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇത് കൂടുതൽ സമ്മർദ്ദത്തിനും അമിത വിശപ്പിനും ഇടയാക്കുമെന്നും ഡോ. കാർത്തിഗൈ പറഞ്ഞു.അത്താഴം ഒഴിവാക്കുന്നത് ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇത് നല്ലൊരു ശീലമല്ല. പകലോ രാത്രിയോ അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാര കുറവുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

കൂടാതെ, രാത്രി ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എപ്പോഴും രാത്രി കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് പതിവാക്കുക


Share our post
Continue Reading

health

ഈ പഴങ്ങൾ കഴിക്കു; ആർത്തവ സമയത്തെ വയറുവേദന പമ്പകടക്കും

Published

on

Share our post

സ്ത്രീകളിൽ ആർത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ സാധാരണമാണ് വയറു വേദന. അസഹനീയമായ വയറു വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരോ നിങ്ങൾ? മരുന്നുകളും, പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് മടുത്തോ? എന്നാൽ ഈ പഴങ്ങൾ കഴിച്ച് നോക്കു.

പഴം: ബോറോൺ, പൊട്ടാസ്യം, വിറ്റാമിൻ ബി 6 തുടങ്ങിയ പോഷകങ്ങൾ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വേദന കുറക്കുകയും, നല്ല ഉറക്കം കിട്ടുകയും , മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഗർഭാശയ പേശികൾക്ക് അയവ് ഉണ്ടാകും. ദിവസത്തിൽ ഒരിക്കെ ഇത് കഴിക്കാവുന്നതാണ്. ലഘു ഭക്ഷണമായോ, ജ്യൂസ് ആയോ കുടിക്കാം.

പപ്പായ: ആർത്തവ സമയങ്ങളിൽ സാധാരണമായി കഴിക്കാൻ നിർദ്ദേശിക്കുന്ന പഴവർഗമാണ് പപ്പായ. ഇത് വേദന കുറക്കുകയും, ഈസ്ട്രജൻ ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം കൂട്ടും, ദഹനശേഷി വർധിപ്പിക്കും. ഇത് കൃത്യമായ സമയങ്ങളിൽ ആർത്തവം ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ പപ്പായ ജ്യൂസ് കുടിക്കാം.

ഓറഞ്ച്: വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാൻ സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് വർധിപ്പിക്കും, മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കും, ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയും. ശരീരത്തിലെ അയണിന്റെ അളവ് വർധിപ്പിക്കും. ദിവസത്തിൽ ഒന്നോ രണ്ടോ ഓറഞ്ച് നേരിട്ടോ ജ്യൂസ് ആയോ കുടിക്കാം.

പൈനാപ്പിൾ: ഇതിൽ അടങ്ങിയിരിക്കുന്ന ബ്രൊമെലൈൻ എന്ന എൻസൈം ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ ശരീരത്തിൽ അയണിന്റെ അളവ് കൂട്ടുകയും നിങ്ങളുടെ മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കും. പൈനാപ്പിളിൽ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കും. നിങ്ങൾക്ക് ആവശ്യമനുസരിച്ച് കഴിക്കാം.

തണ്ണിമത്തൻ: വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന, തലവേദന, മാനസിക സമ്മർദ്ദം, വയറു വീക്കം എന്നിവ കുറക്കും. കൂടാതെ നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടുകയും എപ്പോഴും ഹൈഡ്രേറ്റ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. നേരിട്ടോ, ജ്യൂസ് ആയിട്ടോ കുടിക്കാം. ദിവസത്തിൽ രണ്ട് കപ്പ് (300 ഗ്രാം) കുടിക്കാം.

സരസഫലങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നീ സരസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ആന്റിഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നീ ഗുണങ്ങൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടലുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. വേദന കുറക്കുകയും, രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ദഹനശേഷി, രക്തപ്രവാഹം എന്നിവ കൂട്ടും. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇത് കഴിക്കാവുന്നതാണ്.


Share our post
Continue Reading

Trending

error: Content is protected !!