മധ്യസ്ഥ ചർച്ചക്കിടെ സംഘർഷം; കോളയാട്ട് സി.പി.എമ്മിൽ അച്ചടക്ക നടപടി
പേരാവൂർ : സി.പി.എം നിടുംപൊയിൽ ലോക്കലിന് കീഴിൽ അച്ചടക്ക നടപടി. നിടുംപൊയിൽ മുൻ ലോക്കൽ സെക്രട്ടറി പുന്നപ്പാലത്തെ പി.കെ. സലിൻ, സഹോദരനും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ. ഷാജി എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് നടപടി.
വഴിത്തർക്കം ഒത്തുതീർപ്പാക്കാൻ കോളയാട് പഞ്ചായത്ത് ഓഫീസിൽ നടന്ന മധ്യസ്ഥ ചർച്ചക്കിടെ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ പുന്നപ്പാലം സ്വദേശി സുനിലിന് മർദനമേറ്റ സംഭവത്തെ തുടർന്നാണ് ഇരുവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം പുന്നപ്പാലം ബ്രാഞ്ച് യോഗം തീരുമാനിച്ചത്. പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം. രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
പുന്നപ്പാലത്ത് റോഡുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാൻ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് ഇരു വിഭാഗത്തെയും ചർച്ചക്ക് വിളിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എം. റിജി, വൈസ്.പ്രസിഡൻറ് കെ.ഇ. സുധീഷ് കുമാർ, മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ചർച്ച നടക്കവെ ഇരു വിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു.പഞ്ചായത്ത് ഓഫീസിലെ സംഘർഷത്തിൽ പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്തിന്റെ പരാതിയിൽ കണ്ണവം പോലീസ് കേസെടുത്തിരുന്നു.