വിയ്യൂര്‍ അതീവസുരക്ഷാ ജയിലിൽ സംഘർഷം; നിരവധി പേർക്ക്‌ പരിക്ക്‌

Share our post

തൃശൂർ : വിയ്യൂർ അതീവസുരക്ഷാ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഭക്ഷണം വിതരണം ചെയ്‌തതുമായുള്ള തർക്കമാണ്‌ ഏറ്റുമുട്ടലിലെത്തിയത്‌. ശനിയാഴ്‌ച ആരംഭിച്ച തർക്കം ഞായറാഴ്‌ച സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന്‌ ജയിൽ വാർഡർമാർക്കും ഏതാനും തടവുകാർക്കും പരിക്കേറ്റു. 

ഭക്ഷണ വിതരണം സംബന്ധിച്ച തർക്കം ഉന്നയിച്ച അജിത്ത്‌, അരുൺ എന്നീ തടവുകാരെ ഞായറാഴ്‌ച പകൽ ജയിൽ ഉദ്യോഗസ്ഥർ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി. സംസാരിക്കുന്നതിനിടെ തടവുകാർ പ്രകോപിതരായി അസി. പ്രിസൺ ഓഫീസർ അർജുനെ മർദിക്കുകയും ഓഫീസ്‌ അലങ്കോലമാക്കുകയും ചെയ്‌തു. ഡെപ്യൂട്ടി സൂപ്രണ്ട്‌ ഇടപെട്ട്‌ തടവുകാരെ പിടിച്ചുമാറ്റി അർജുനെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ അർജുനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. 

ഞായറാഴ്‌ച ഉച്ചഭക്ഷണസമയത്ത്‌ സെല്ല്‌ തുറന്നതോടെ കൂടുതൽ തടവുകാർ സംഘടിച്ചെത്തി ജയിൽ ജീവനക്കാർക്കുനേരെ തിരിഞ്ഞു. ഈ സമയം കൊലക്കേസ്‌ പ്രതി സുനി ഉൾപ്പെടെ ജയിലിലെ ടെലിഫോൺബൂത്ത്‌ തകർത്തു. മേശയും കസേരയും എടുത്തെറിഞ്ഞു. സംഘർഷം രൂക്ഷമായതോടെ മറ്റു ജയിലുകളിൽനിന്ന്‌ കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്‌. 

സംഘർഷത്തിനിടെ, അതീവസുരക്ഷാ ജയിലിലെ അടുക്കളയിൽ സഹായിയായി നിൽക്കുന്ന ജോമോൻ എന്ന തടവുകാരനെ മറ്റു മൂന്നു തടവുകാർ ചേർന്ന്‌ മർദിച്ചു. ജയിലിലെ തടവുകാരുടെ രഹസ്യങ്ങൾ ഉദ്യോഗസ്ഥർക്ക്‌ കൈമാറുന്നത്‌ ജോമോനാണെന്ന്‌ പറഞ്ഞായിരുന്നു മർദനം.

സംഘർഷത്തിൽ പരിക്കേറ്റ ജീവനക്കാരും തടവുകാരും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. വിയ്യൂർ പൊലീസ്‌ മേൽനടപടി സ്വീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!