കാർ തത്സമയം ട്രാക്ക് ചെയ്യാം, തെഫ്റ്റ് അലര്‍ട്ട് ; പുതിയ ജിയോ മോട്ടീവ് വിപണിയിൽ

Share our post

റിലയന്‍സ് ജിയോയുടെ പുതിയ ജിയോ മോട്ടീവ് (2023) പുറത്തിറക്കി. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന ഉപകരണമാണ് ജിയോ മോട്ടീവ്.

ആമസോണ്‍, റിലയന്‍സ് ഇ-കൊമേഴ്‌സ്, ജിയോ.കോം ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഇത് വാങ്ങാം. 4999 രൂപയാണ് ഇതിന് വില. മിക്ക കാറുകളിലും സ്റ്റീയറിങിന് താഴെയായി ഉണ്ടാവാറുള്ള ഒബിഡി (On Board Diagnostics) പോര്‍ട്ടിലാണ് ജിയോ മോട്ടീവ് കണക്ട് ചെയ്യേണ്ടത്.

തത്സമയ 4ജി ജി.പി.എസ് ട്രാക്കിങ് സൗകര്യം പുതിയ ജിയോ മോട്ടീവില്‍ ഉണ്ട്. ഇതുവഴി കാര്‍ എവിടെയാണെന്ന് പരിശോധിച്ചറിയാന്‍ വാഹനമുടമയ്ക്ക് സാധിക്കും. വാഹനങ്ങള്‍ക്ക് ജിയോ ഫെന്‍സിങ് സെറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. ഇതുവഴി നിശ്ചിത പരിധിക്കപ്പുറത്തേക്ക് കാര്‍ സഞ്ചരിച്ചാല്‍ ഉടമയ്ക്ക് അറിയിപ്പ് ലഭിക്കും. കാര്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ സംവിധാനം.

കാറിന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങളും ജിയോ മോട്ടീവ് നല്‍കും. ഡ്രൈവറുടെ ഡ്രൈവിങ് രീതികള്‍ വിലയിരുത്താനും ഈ ഉപകരണത്തിലൂടെ സാധിക്കും. സ്മാര്‍ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പ് വഴിയാണ് ജിയോ മോട്ടീവ് ഉപയോഗിക്കേണ്ടത്.

ആന്റി തെഫ്റ്റ്, ആക്‌സിഡന്റ് ഡിറ്റക്ഷന്‍ സംവിധാനങ്ങളും ഇതിലുണ്ട്. ഇതുവഴി കാര്‍ മോഷണം പോയാലും അപകടങ്ങള്‍ സംഭിച്ചാലും ഉടമകള്‍ക്ക് അറിയിപ്പ് ലഭിക്കും. ജിയോ സിം ഇട്ട് ഉപയോഗിക്കുന്ന ഉപകരണമായതിനാല്‍ തത്സമയ കണക്ടിവിറ്റിയുും വൈഫൈ സൗകര്യവും കാറില്‍ ലഭിക്കും. മറ്റ് സിംകാര്‍ഡുകള്‍ ജിയോ മോട്ടീവില്‍ ഉപയോഗിക്കാനാവില്ല.

ജിയോ മോട്ടീവ് സബ്‌സ്‌ക്രിപ്ഷന്‍ ആദ്യ വര്‍ഷം സൗജന്യമായി ലഭിക്കുന്ന ഓഫറും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിന് ശേഷം വര്‍ഷം 599 രൂപ നിരക്കില്‍ സബ്‌സ്‌ക്രിപ്ഷനെടുക്കാം. നിലവില്‍ 10 ശതമാനം വിലക്കിഴിവില്‍ റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റില്‍ ജിയോ മോട്ടീവ് വില്‍പനയ്ക്കുണ്ട്. ഒരു വര്‍ഷത്തെ വാറന്റിയും ഇതിന് ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!