കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിടത്തിന് 11.40 കോടിയുടെ ടെൻഡര്‍

ഇരിട്ടി: കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നതിന് 11.40 കോടി രൂപയുടെ പ്രവൃത്തി ടെൻഡര്‍ ചെയ്തതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്. കേളകം അടക്കത്തോട് റോഡിന്‍റെയും കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിന്‍റെയും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന്‍റെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി.തെറ്റുവഴി മണത്തണ റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന കുറച്ചു ഭാഗം മാത്രമാണ് ബാക്കിയെന്നും ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു.
പായം,വിളക്കോട് അടക്കാത്തോട് ,സ്കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. പായം മുഴക്കുന്ന് ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
ആനമതിലിന്‍റെ 800 മീറ്റര്‍ അടിത്തറ ജോലികള്‍ പൂര്‍ത്തിയായതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. മാടത്തില്‍ കീഴ്പ്പള്ളി, ഇരിട്ടി ഉളിക്കല്‍, ഇരിട്ടി പേരാവൂര്‍ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാൻ ചീഫ് എൻജിനിയറെ ചുമതലപെടുത്തിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രിയുടെ കത്ത് ലഭിച്ചതായി എം.എല്‍.എ പറഞ്ഞു. മട്ടന്നൂര്‍ കളറോഡ് ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ സംബന്ധിച്ച വിഷയത്തില്‍ 15 വര്‍ഷത്തേക്ക് അറ്റകുറ്റപണി അടക്കം ചെയ്യുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന കെ.എസ്ടി.പി അധികൃതരുടെ മറുപടിയില്‍ യോഗം അതൃപ്തി അറിയിച്ചു.