മഹാമാരികളെ അതിജീവിച്ചത് ഒറ്റക്കെട്ടായി; കേരളത്തെ അഭിനന്ദിച്ച് വിദഗ്ധർ

തിരുവനന്തപുരം : കോവിഡും നിപായും സികയും മങ്കിപോക്സുമടക്കമുള്ള ആരോഗ്യപ്രതിസന്ധികളെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തെ അഭിനന്ദിച്ച് വിദഗ്ധർ. വകുപ്പുകളുടെ സംയുക്തപ്രവർത്തനത്തിലൂടെയാണ് ഈ നേട്ടമെന്നും രോഗികളുടെ എണ്ണമനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് മുന്നോട്ടുപോയെന്നും “മഹാമാരികളെ കേരളം നേരിട്ട വിധം” സെമിനാറിൽ അഭിപ്രായമുയർന്നു.
സംസ്ഥാനത്താകെയുള്ള ലബോറട്ടറി ശൃഖല 2024ൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിൻ പോളിസി നയം പരിഗണനയിലാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കും. നിപാ പ്രതിരോധത്തിനും ഗവേഷണത്തിനുമായി കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. ആഗോളതലത്തിൽ 60 മുതൽ 90 ശതമാനം വരെയുണ്ടായിരുന്ന നിപാ മരണനിരക്ക് 2023ൽ 33.33 ശതമാനത്തിലേക്ക് എത്തിക്കാൻ കേരളത്തിനായെന്നും മന്ത്രി പറഞ്ഞു.