നെല്ല് സംഭരണം: തുക 13 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പു സീസണിൽ നെല്ല് സംഭരിച്ച വകയിൽ 13 മുതൽ കർഷകർക്ക് തുക നൽകി തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ്. 17680.81 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. ആലപ്പുഴയിൽ 8808.735 മെട്രിക് ടണ്ണും കോട്ടയത്ത് 1466.5 ലക്ഷം മെട്രിക് ടണ്ണും പാലക്കാട് 6539.4 മെട്രിക് ടണ്ണും നെല്ലാണ് സംഭരിച്ചത്.
സപ്ലൈകോ പി.ആർ.എസ് വായ്പയായി എസ്.ബി.ഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴിയാണ് വിതരണം ചെയ്യുക. കർഷകരാണ് വായ്പ എടുക്കുന്നതെങ്കിലും തുകയും പലിശയും പിഴ പലിശ ഉണ്ടായാൽ അതും സപ്ലൈകോ പൂർണമായും അടച്ചുതീർക്കുന്നതാണ്. കർഷകന് ഇക്കാര്യത്തിൽ ബാധ്യതയൊന്നുമില്ല. സപ്ലൈകോയ്ക്കും സർക്കാരിനുമാണ് പൂർണമായ ഉത്തരവാദിത്വം. 11 മില്ലുകളാണ് നെല്ല് സംഭരണ പ്രവർത്തനങ്ങളുമായി നിലവിൽ സഹകരിക്കുന്നത്.
സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നും പി.ആർ.എസ് വായ്പയായി 170 കോടിയിലധികം രൂപ ഇനിയും ലഭ്യമാക്കാൻ കഴിയും. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുകയാണ്.