പഴശി പദ്ധതി പ്രദേശത്ത് തൊഴിലുറപ്പ് പ്രവൃത്തി നടത്തിയത് നിയമവിരുദ്ധം: ഓംബുഡ്സ്മാൻ

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ പഴശി പദ്ധതി പ്രദേശത്ത് അധികൃതരുടെയും പായം പഞ്ചായത്തിന്‍റെ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെയും നടത്തിയ തൊഴിലുറപ്പ് പദ്ധതി നിയമവിരുദ്ധമാണെന്ന് ഓംബുഡ്സ് മാൻ.

പായം പഞ്ചായത്തിലെ പ്രജീഷ് പ്രഭാകര്‍ നല്‍കിയ പരാതിയിൻമേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ അറിവില്ലാതെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് മറ്റൊരു പ്രവര്‍ത്തിയുടെ മാസ്റ്ററോള്‍ പ്രകാരം ജോലി ചെയ്യിപ്പിച്ചത് മേറ്റിന്‍റെയും തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്.

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളം മുഴുവൻ തുകയും നല്‍കാതിരുന്നത് സാങ്കേതിക സംവിധാനത്തിന്‍റെ പിഴവോ ഭരണപരമായ വിഷയങ്ങളില്‍ ന്യായീകരണങ്ങളായി കരുതാനാവില്ലെന്നും ഓംബുഡ്സ്മാൻ അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് മേറ്റ് പ്രസന്നകുമാരിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയ ഓംബുഡ്സ്മാൻ ഇവരെ ആറു മാസത്തേക്ക് തത്‌സ്ഥാനത്ത് നിന്നും മാറ്റാനും ഇത്തരം തെറ്റുകള്‍ ആവര്‍ത്തികുകയാണെങ്കില്‍ സ്ഥിരമായി മേറ്റ് സ്ഥാനത്ത് നിന്നും നീക്കാനും പഞ്ചായത്ത് സെക്രട്ടറിയോട് ഉത്തരവിലൂടെ നിര്‍ദേശം നല്‍കി. അതേസമയം വ്യക്തമായ നിയമലംഘനം നടന്നിട്ടുണ്ടെങ്കിലും ജോലിചെയ്ത 33 തൊഴിലാളികള്‍ക്ക് 163 തൊഴില്‍ ദിനങ്ങളുടെ വേതനത്തിന് അര്‍ഹതയുണ്ട്. ഈ തുക എം.ജി.എൻ.ആര്‍.ഇ.ജി.എസ് ഫണ്ടില്‍ നിന്ന് നല്‍കരുതെന്നും വീഴ്ചയക്ക് കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഇതിന്‍റെ തുക ഈടാക്കി നല്‍കണമെന്നും  ഓംബുഡ്സ്മാൻ പറഞ്ഞു. തുക 15 ദിവസത്തിനുള്ളില്‍ നല്‍കാൻ ഇരിട്ടി ബി.പി.ഒ, ജെ.പി.സി കണ്ണൂര്‍ എന്നിവരെ ചുമതലപ്പെടുത്തിയുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!