അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ

ആലുവ : ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്‌ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്നും എറണാകുളം പോക്സോ കോടതി വിധിച്ചു. ശിക്ഷ അടുത്ത വ്യാഴാഴ്ച വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുപുറമേ പോക്സോ കുറ്റങ്ങളടക്കം 16 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ വധശിക്ഷ ലഭിക്കാവുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോയിലെയും അഞ്ചുവകുപ്പുകളുണ്ട്. കുട്ടിയെ ബലാത്സംഗത്തിനുശേഷം ശ്വാസംമുട്ടിച്ച് കൊന്നുവെന്ന് വ്യക്തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ ദിവസത്തിൽ ഇത്തരം കേസിൽ വിധി പ്രഖ്യാപിക്കുന്നത്.കൃത്യം നടന്ന് 100-ാംദിവസവും കേസ് രജിസ്‌റ്റർ ചെയ്‌ത് 99-ാംദിവസവുമാണ് വിധി. 99 സാക്ഷികളിൽ 43 പേരെ വിസ്‌തരിച്ചു. 95 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി. കുട്ടിയുടെ വസ്ത്രങ്ങൾ, ചെരുപ്പ്, ഡി.എൻ.എ സാമ്പിളുകൾ തുടങ്ങിയവയാണ് തൊണ്ടിമുതലുകളായുള്ളത്.
ജൂലൈ 28നാണ് ബിഹാർ ദമ്പതികളുടെ മകൾ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കം പ്രതി ബിഹാർ സ്വദേശി അസ്‌ഫാക് ആലമിനെ പൊലീസ് പിടികൂടി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന് നീതിലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക അന്വേഷകസംഘത്തെയും നിയോഗിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജി മോഹൻരാജിനെ നിയമിച്ച് റെക്കോഡ് വേഗത്തിലായിരുന്നു നടപടികൾ. 35-ാംദിവസം കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ നാലിന് വിചാരണ തുടങ്ങി. 26 ദിവസംകൊണ്ട് പൂർത്തിയാക്കി.
ആലുവ മാർക്കറ്റിന് പുറകുവശം പെരിയാറിനോടുചേർന്ന് കുറ്റിക്കാട്ടിലാണ് പീഡിപ്പിച്ചശേഷം കുട്ടിയെ കൊലപ്പെടുത്തിയത്. റൂറൽ എസ്.പി വിവേക് കുമാർ, ഡി.വൈ.എസ്.പി പി. പ്രസാദ്, സി.ഐ എം.എം. മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിൽ 16 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.