കണ്ണൂരിൽ പോലീസിന് നേരെ വെടിവെപ്പ്; ഒരാൾ അറസ്റ്റിൽ

കണ്ണൂർ : പുതിയതെരു ചിറക്കലിൽ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച കേസിൽ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടണം എസ്.ഐ നിധിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കൽ ചിറയിലെ ഇയാളുടെ വീട്ടിൽ എത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകൾ നിലയിൽ എത്തി റോഷന്റെ മുറിക്ക് മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരെ വെടിയുതിർത്തത്.
എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആർക്കും പരിക്കേറ്റില്ല. എങ്കിലും ഈ സമയംകൊണ്ട് പ്രതി റോഷൻ ഓടി രക്ഷപ്പെട്ടു. വെടിയുതിർത്ത ബാബു തോമസിനെ പിന്നീട് പൊലീസുകാർ കീഴ്പ്പെടുത്തി.
ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥലത്തെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്നാട് സ്വദേശിയായ ബാലാജിയെ ഒക്ടോബർ 22ന് പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ട റോഷൻ. നിരവധി കേസുകളിൽ ഇയാൾ പ്രതി ആണെന്ന് പൊലീസ് പറയുന്നു. കർണാടകത്തിൽ ഉൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്. റോഷന് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.