കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി ബ്രെയിലി സാക്ഷരതാ പദ്ധതി

കണ്ണൂർ : സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിലി സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. ബ്രെയില്‍ ലിപിയില്‍ വായിക്കാനും എഴുതാനും കഴിയുന്നതാണ് ബ്രെയില്‍ സാക്ഷരത.
പദ്ധതിയുടെ ഭാഗമായി ജില്ലയിലുള്ള കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. എല്ലാ ബ്ലോക്കുകളിലും ഓരോ ക്ലാസുകള്‍ തുടങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. അതിനായി ബ്രെയിലിയില്‍ പ്രാവീണ്യമുള്ളവരെ അധ്യാപകരായി കണ്ടെത്തും. ഇവര്‍ക്ക് പരിശീലനം നല്‍കി ക്ലാസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ക്കാണ് അവസരം. ജില്ലയില്‍ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡില്‍ അംഗങ്ങളായവരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും നിരക്ഷരരെ കണ്ടെത്തി ബ്രെയിലി സാക്ഷരരാക്കുകയാണ് ലക്ഷ്യം.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സമിതി അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി, സെക്രട്ടറി എ.വി. അബ്ദുള്‍ ലത്തീഫ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ശ്രീജന്‍, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് ജില്ലാ പ്രസിഡന്റ് എം.എം. സാജിദ്, സെക്രട്ടറി ടി.എന്‍. മുരളീധരന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ബേബി ജോസഫ്, കെ. സുധീഷ്, പ്രേമലത, വി.ആര്‍.വി ഏഴോം എന്നിവര്‍ സംസാരിച്ചു.