വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

വയനാട് : മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.
തോട്ടം തൊഴിലാളിയായ കുഞ്ഞാവറാൻ രാവിലെ ആറു മണിയോടെ ജോലി സ്ഥലത്തേക്ക് കാൽനടയായി പോവുകയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചളിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഭാര്യയും അഞ്ച് മക്കളും അടങ്ങുന്നതാണ് കുഞ്ഞവറാൻ്റെ കുടുംബം. കാട്ടാനയാക്രമണം പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നടപടി ആവശ്യപ്പെട്ട് മൃതദേഹം ഏറ്റെടുക്കാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. കുഞ്ഞവറാൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
മന്ത്രിയുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞവറാൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ എം.എൽ.എ എന്ന തലത്തിൽ ഇടപെടും. കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.