പ്രവൃത്തികൾ വേഗത്തിൽ: മാഹി ബൈപ്പാസ് ജനുവരിയിൽ

കണ്ണൂർ:മാഹി ബൈപ്പാസ് പ്രവൃത്തി ജനുവരി 31 ഓടെ പൂർത്തിയാക്കാൻ തീരുമാനം.മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം.റെയിൽവേ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ എല്ലാ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് ദേശീയപാത അധികൃതരും പറഞ്ഞു.
കഴിഞ്ഞ മാർച്ച് 31നു മുമ്പ് 18.6 കിലോമീറ്റർ ദൂരമുള്ള ബൈപാസ് നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാഹി റെയിൽവേ സ്റ്റേഷനു സമീപം അഴിയൂരിലെ റെയിൽവേ മേൽപാലം, തലശ്ശേരി ബാലത്തെ മേൽപാലം എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയാകാത്തത് തടസ്സമായി.
95 ശതമാനം പണി പൂർത്തിയായിട്ടും ഗതാഗതം തുടങ്ങാൻ മാസങ്ങൾ എടുക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയപാതയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിഞ്ഞു ജനുവരിയിൽ പുതിയപാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.
2020 മേയിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണു നിർമ്മാണം തുടങ്ങിയതെങ്കിലും നെട്ടൂർ ബാലത്ത് നിർമാണത്തിനിടെ പാലത്തിന്റെ നാലു ബീമുകൾ തകർന്നുവീണതും കൊവിഡും തുടർന്നുവന്ന ലോക്ഡൗണും തടസ്സമായി.നിലവിൽ ഒരു കാരണവശാലും പ്രവൃത്തി നീട്ടേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്.
ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. ജി.എച്ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് നിർമാണ കരാർ ഏറ്റെടുത്തത്.
നീളം 18.6 കിലോമീറ്റർ
1300 കോടി ചിലവ്
4 വരെ
45 മീറ്റർ വീതി
5.500 മീറ്റർ വീതിയിൽ സർവീസ് റോഡ്.