17 അടി ഉയരമുള്ള ശില്പം നിർമ്മിച്ചത് ഉണ്ണി കാനായി: കേരളീയത്തിൽ കണ്ണാടിപ്രതിഷ്ഠാ ശിൽപവും

പയ്യന്നൂർ: ശിൽപി ഉണ്ണി കാനായി ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠാ ശിൽപം തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിലെ ശ്രദ്ധേയമായ ഇനമായി . തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള ശ്രീനാരായണ പാർക്കിൽ ഒരുക്കിയ ഇൻസ്റ്റിലേഷൻ ശിൽപം കാണാൻ നിരവധി പേരാണ് എത്തുന്നത്.
1927ൽ ശ്രീനാരായണഗുരു കളവംകോട് അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നടത്തിയ വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയാണ് ഇൻസ്റ്റിലേഷൻ ശിൽപത്തിലൂടെ പുനരാവിഷ്കരിച്ചിട്ടുള്ളത്. കണ്ണാടി കൈയിലെടുത്ത് പ്രതിഷ്ഠക്കായി ഗുരു ക്ഷേത്രത്തിനകത്തേക്ക് കയറുന്ന രീതിയിലാണ് ശിൽപം ഒരുക്കിയിട്ടുള്ളത്. ഇരുമ്പ് പൈപ്പും പ്ലൈവുഡും തുണിയും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ച് കളിമണ്ണ് നിറം നൽകി നിർമ്മിച്ച ശിൽപത്തിന് 17 അടി ഉയരമുണ്ട്.
ഇരുപത്തിമൂന്ന് അടി വീതിയിലുള്ള തറയിലാണ് ശിൽപം സ്ഥാപിച്ചിട്ടുള്ളത്. രണ്ടാഴ്ച സമയമെടുത്താണ് ഉണ്ണി കാനായി ശിൽപ നിർമ്മാണo പൂർത്തിയാക്കിയത്. സഹായികളായി വിനേഷ് കൊയക്കീൽ ,രഞ്ജിത്ത് മാണിയിൽ , ബാലൻ പാച്ചേനി, രതീഷ് വിറകൻ, ശ്രീകുമാർ എരമം, ടി.ഐ.കെ.അഭിജിത്ത്, എ.അനുരാഗ് , റിഗേഷ് കൊയിലി , ബിജു നാരായൺ എന്നിവരുമുണ്ടായിരുന്നു.ശ്രീ നാരായണ ഗുരുപാർക്കും ശ്രീ നാരായണ ഗുരുവിന്റെ വെങ്കല ശില്പവും രൂപകല്പന ചെയ്തതും ഉണ്ണി കാനായിയാണ്.