മുഖത്തെഴുതി ചുവപ്പുചുറ്റി നാരായണന്റെ ചകിരിത്തെയ്യങ്ങൾ

കണ്ണൂർ:ചായില്യവും മനയോലയും ശോഭ ചൊരിയുന്ന മുഖത്തെഴുത്തും അഴകോലും ഉടുത്തുകെട്ടും തലച്ചമയങ്ങളുമായി കാവുകളിലും കഴകങ്ങളിലും നിറഞ്ഞാടുന്ന തെയ്യങ്ങളെ ഒന്നിച്ചുകാണാൻ പലയിടങ്ങളിലുമായി എവിടേയും പോകേണ്ട.
ഇരിക്കൂറിലെ ചൂളിയാട്ട് നാരായണന്റെ വീട്ടിലെത്തിയാൽ ഒരു പെരുങ്കളിയാട്ടത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ രൂപഭംഗി ആസ്വദിക്കാം. തെയ്യങ്ങളെല്ലാം ചകിരിയിൽ ഒരുക്കിയതാണെന്ന് മാത്രം.ഉപകാരപ്പെടാതെ വലിച്ചെറിയുന്ന ചകിരികൊണ്ട് ഇത്രയും മനോഹരമായി ശില്പങ്ങളൊരുക്കുന്നതെങ്ങനെയെന്ന് ആരും അത്ഭുതപ്പെടും. കുരുത്തോലയും ആടയാഭരണങ്ങളും അണിഞ്ഞ് അണിയറിയിൽ നിന്ന് അരങ്ങിലേക്ക് വരുന്ന 27 ഓളം തെയ്യങ്ങളും പശ്ചാത്തലവുമാണ് നാരായണൻ സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനൊപ്പം തെർമോകോൾ ഉപയോഗിച്ച് ഒരു തെയ്യക്കാവിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. പൊട്ടൻ ,ബാലി , പുതിയ ഭഗവതി, വയനാട്ടു കുലവൻ, കതിവനൂർ വീരൻ. ക്ഷേത്ര പാലകൻ, മുത്തപ്പൻ, തിരുവപ്പൻ, കരിങ്കുട്ടിച്ചാത്തൻ തുടങ്ങിയ തെയ്യങ്ങളുടെ കമനീയ രൂപങ്ങളാണുള്ളത്. ഏഴുവർഷങ്ങൾ കൊണ്ടാണ് ഈ ശിൽപങ്ങൾ ഒരുങ്ങിയത്. തെയ്യങ്ങളെ കൃത്യമായി നിരീക്ഷിച്ച് മുഖത്തെഴുത്തും ചമയവും ഹൃദിസ്ഥമാക്കിയാണ് നിർമ്മാണം.
ഇതിനായി നിരവധി കളിയാട്ടങ്ങൾ കണ്ടു. ചാർത്തുവാനുള്ള പൊൻപട്ട്, ഇരിക്കുവാനുളള പീഠം.പിടിക്കാനുള്ള ആയുധം എല്ലാം ചകിരിയിൽ തന്നെ.സ്വന്തം തറവാട്ടിലെ കുളിയൻ തെയ്യത്തിന്റെ കോമരം കൂടിയായ നാരായണന്റെ മനസ്സെന്ന ദേവാലയത്തിലിരിക്കുന്നതായ പ്രതിഷ്ഠയാണ് ചകിരിയിൽ ഒരുക്കിയ ഓരോ കോലങ്ങളും. തെയ്യത്തിന്റെ ചോപ്പും മഞ്ഞയും മഷിക്കറുപ്പുമടക്കം നിറങ്ങളുടെ സങ്കലനമെല്ലാം കിറുകൃത്യം.
അതിസങ്കീർണ്ണമാണ് നിർമാണത്തിലെ ഓരോ ഘട്ടവും. നിർമാണത്തിനിടെ പൊട്ടിപ്പോകില്ല എന്നതാണ് ചകിരിയുടെ ഗുണം. ഉണങ്ങിയ ചകിരിയാണ് ഇതിന് ഉപയോഗിക്കുന്നത്. ബ്ലേഡ് കൊണ്ടാണ് മുറിച്ചെടുക്കുന്നത്. ഒരു തെയ്യം രൂപം ഉണ്ടാക്കാൻ പത്തിരുപത് ബ്ലേഡ് വേണം. കൽപ്പണിയാണ് നാരായണന്റെ ഉപജീവന മാർഗം. പണികഴിഞ്ഞ് വന്ന് രാത്രിയിലാണ് ശിൽപ നിർമ്മാണം. ആദ്യം മുത്തപ്പന്റെ രൂപമാണ് ഉണ്ടാക്കിയത്. അത് കണ്ടവർ മികച്ച അഭിപ്രായം പറഞ്ഞതാണ് പ്രോത്സാഹനമായത്. കുട്ടിച്ചാത്തൻ തെയ്യത്തിന്റെ രൂപം നിർമ്മിക്കാനാണ് ഏറെ ബുദ്ധിമുട്ടിയതെന്നും നാരായണൻ പറഞ്ഞു.