ജെ.ഇ.ഇ. മെയിൻ 2024: ജനുവരിയിലും ഏപ്രിലിലും | ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

2024-’25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെ.ഇ. ഇ. മെയിൻ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജനുവരിയിലും ഏപ്രിലിലുമായി രണ്ട് സെഷനുകളിലായി നടത്തും. ആദ്യ സെഷൻ ജനുവരി 24-നും ഫെബ്രുവരി ഒന്നിനും ഇടയ്ക്ക് ആയിരിക്കും.
മൾട്ടിപ്പിൾ ചോയ്‌സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. മൾട്ടിപ്പിൾ ചോയ്‌സിലും ന്യൂമറിക്കൽ ആൻസർ ടൈപ്പിലും ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.
പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടു തവണ (സെഷനുകളിൽ) നടത്തും. ജനവരിയിൽ ആദ്യ സെഷനും 2024 ഏപ്രിലിൽ രണ്ടാം സെഷനും.
പേപ്പർ 1, 2 എ എന്നിവ ദിവസവും രണ്ടു ഷിഫ്റ്റിൽ നടത്തും. രാവിലെ ഒൻപതുമുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ ആറുവരെയും പേപ്പർ 2 ബി ഉച്ചയ്ക്ക് മൂന്നു മുതൽ ആറ് വരെയായിരിക്കും. പേപ്പർ 2 എ യും 2 ബി യും അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാ ദൈർഘ്യം മൂന്നര മണിക്കൂർ ആയിരിക്കും. ആദ്യ ഷിഫ്റ്റ് എങ്കിൽ രാവിലെ ഒൻപതുമുതൽ 12.30വരെയും രണ്ടാം ഷിഫ്റ്റ് എങ്കിൽ, ഉച്ചയ്ക്ക് മൂന്നുമുതൽ 6.30 വരെയും.
ചോദ്യപ്പേപ്പറുകൾ
ചോദ്യപ്പേപ്പറുകൾ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ചോദ്യങ്ങൾ, കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. ഏതു ഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുന്ന വേളയിൽ രേഖപ്പെടുത്തണം.
എൻ.ഐ.ടി., ഐ.ഐ.ഐ.ടി., സി.എഫ്.ടി.ഐ. എന്നീ സ്ഥാപനങ്ങളിലെ ബി.ഇ./ബി.ടെക്. പ്രവേശനത്തിന് (ഇവിടെയുള്ള സയൻസ് പ്രോഗ്രാമുകളിലെയും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും) ജെ.ഇ.ഇ. മെയിൻ പേപ്പർ 1 റാങ്കും ആർക്കിടെക്ചർ/പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പേപ്പർ 2 എ/2 ബി റാങ്കും പരിഗണിക്കും.
പ്രവേശനയോഗ്യത
അപേക്ഷിക്കാൻ പ്രായപരിധി ഇല്ല. എന്നാൽ, പ്രവേശനം തേടുന്ന സ്ഥാപനത്തിനു ബാധകമായ പ്രായപരിധി വിദ്യാർഥി തൃപ്തിപ്പെടുത്തണം. പ്ലസ് ടു/തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. 2022, 2023 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർ, 2024-ൽ ഇത് അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന ബോർഡുകളുടെ പ്ലസ് ടു തല പരീക്ഷകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ, ബോർഡ് ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള മൂന്നു വർഷ ഡിപ്ലോമ, ചില വിദേശ തത്തുല്യ പരീക്ഷകൾ മുതലായവയും ഇതിൽ ഉൾപ്പെടുന്നു. യോഗ്യതാ പരീക്ഷാ കോഴ്‌സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്‌സിലെയും പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ: എൻജിനിയറിങ് – ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം. മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്‌നോളജി/ബയോളജി/ടെക്‌നിക്കൽ വൊക്കേഷണൽ വിഷയം ആകാം. ബി.ആർക്ക് – മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി നിർബന്ധം. ബി.പ്ലാനിങ് – മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാ പരീക്ഷയിലെ മാർക്ക് സംബന്ധിച്ച പ്രോസ്പെക്ടസ് വ്യവസ്ഥ പ്രവേശന സമയത്ത് തൃപ്തിപ്പെടുത്തണം (ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 41/42 കാണണം).
എൻ.ടി.എ. സ്കോർ
ഒരു അപേക്ഷാർഥിക്ക് രണ്ട് സെഷനുകളിൽ ഏതെങ്കിലും ഒന്നു മാത്രമോ, രണ്ടുമോ അഭിമുഖീകരിക്കാം. വിവിധ സെഷനുകളിൽ പരീക്ഷ നടത്തുന്നതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന യഥാർഥ സ്കോർ പരിഗണിക്കുന്നതിനു പകരം, ആപേക്ഷികമായ സ്ഥാനം കണ്ടെത്തുന്ന പെർസന്റൈൽ രീതിയിലാണ് പരീക്ഷാ സ്കോർ നിർണയിക്കുന്നത് (എൻ.ടി.എ. സ്കോർ). രണ്ടു പരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ, ഭേദപ്പെട്ട എൻ.ടി.എ. സ്‌കോർ, അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും.
അപേക്ഷ
രണ്ടു സെഷനുകളിലും പരീക്ഷ അഭിമുഖീകരിക്കാൻ താത്‌പര്യമുള്ളവർക്ക് രണ്ടു സെഷനുകളിലേക്കും ഒരുമിച്ച് ഇപ്പോൾ അപേക്ഷിക്കാം. അതിനനുസരിച്ച് പരീക്ഷാ ഫീസ് അടയ്ക്കണം. ആദ്യ സെഷനിലേക്കുമാത്രം ഇപ്പോൾ അപേക്ഷിക്കാൻ താത്‌പര്യമുള്ളവർക്ക് ഇപ്പോൾ അതിലേക്കു മാത്രമായി അപേക്ഷിക്കാം. ഒരു സെഷന്റെ അപേക്ഷാഫീസ് ഇപ്പോൾ അടച്ചാൽ മതി. രണ്ടാം സെഷനിലേക്ക് അപേക്ഷിക്കണമെന്ന് പിന്നീട് തോന്നുന്ന പക്ഷം, രണ്ടാം സെഷനുവേണ്ടി അപേക്ഷാ സൈറ്റ് ഓപ്പൺ ആകുമ്പോൾ അപേക്ഷിക്കാം. ആ സെഷന് പരീക്ഷാ ഫീസ് അപ്പോൾ അടയ്ക്കണം.
ആദ്യ സെഷൻ/രണ്ടു സെഷൻ (താത്‌പര്യമുണ്ടെങ്കിൽ) അപേക്ഷ jeemain.nta.ac.in വഴി നവംബർ 30-ന് രാത്രി ഒൻപതുവരെ നൽകാം. ഒരു സെഷനിലേക്കുള്ള അപേക്ഷാഫീസ് വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്. ബാധകമായ അപേക്ഷാഫീസ് ഓൺലൈനായി 30 രാത്രി 11.50 വരെ, നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ്, യു.പി.ഐ. വഴി അടയ്ക്കാം.
രണ്ടാം സെഷനിലേക്കുള്ള അപേക്ഷ ഫെബ്രുവരി രണ്ടുമുതൽ മാർച്ച് രണ്ടിന് രാത്രി ഒൻപത് വരെ നൽകാം. അപേക്ഷാ ഫീസ് മാർച്ച് രണ്ടിന് രാത്രി 11.50 വരെ ഓൺലൈൻ ആയി അടയ്ക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനും ഏപ്രിൽ 15-നും ഇടയ്ക്ക്. രണ്ടാം സെഷൻ അപേക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് ആ വേളയിൽ ഉണ്ടാകും.
അപേക്ഷ നൽകുമ്പോൾ അപേക്ഷാർഥിയുടെയും രക്ഷാകർത്താവിന്റെയും മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകണം. പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ, അപേക്ഷാർഥിയെയും രക്ഷാകർത്താവിനെയും ഇവയിലൂടെയാകും അറിയിക്കുക. അപേക്ഷ നൽകാനുള്ള വിശദമായ മാർഗനിർദേശങ്ങൾ വെബ്‌സൈറ്റിലും ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും.
അപേക്ഷാഫീസ് വിജയകരമായി അടച്ച ശേഷം അപേക്ഷയുടെ കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുെവക്കാം. കൺഫർമേഷൻ പേജ് എവിടേക്കും അയക്കേണ്ടതില്ല. ആദ്യ സെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-ന് പ്രതീക്ഷിക്കാം. രണ്ടാം സെഷൻ ഫലപ്രഖ്യാപനം ഏപ്രിൽ 25-ന് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: jeemain.nta.nic.in | www.nta.ac.in/