സീറ്റ്‌ബെല്‍റ്റ് അണിഞ്ഞ് ഹെവി വാഹന ഡ്രൈവര്‍മാര്‍; നടപടി കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

Share our post

എല്ലാ ഭാരവാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു. അവസാന തീയതിയായി നവംബര്‍ രണ്ടായിരുന്നു സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വാഹനങ്ങള്‍ അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന സമയത്തേക്ക് ഇവയെല്ലാം സജ്ജമാക്കിയാല്‍ മതിയാകുമെന്നാണ് നിലവിലെ നിര്‍ദേശം. സര്‍വീസ് ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനും ഈ ഇളവ് ബാധകമാണ്.

20000 രൂപ ചെലവ്

സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും സ്ഥാപിച്ചുതുടങ്ങി. നിലവില്‍ ചുരുക്കം ബസുകളില്‍ മാത്രമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. പുതിയ തീരുമാനത്തോട് ബസ്സുടമകളും അനുകൂലമായാണ് പ്രതികരിക്കുന്നത്. ഓരോ ബസിന്റെയും ക്ഷമത പരിശോധന തീയതി ആവുന്ന മുറയ്ക്ക് ക്യാമറയും ബെല്‍റ്റും സ്ഥാപിച്ച് ഹാജരാക്കുകയാണ് ഇപ്പോള്‍ ഉടമകള്‍ ചെയ്യുന്നത്. മുമ്പിലും പുറകിലും അകത്തുമായി മൂന്ന് ക്യാമറകളാണ് വെക്കേണ്ടത്. ഒപ്പം ദൃശ്യങ്ങള്‍ ശേഖരിക്കുവാനുള്ള ഡി.വി.ആറും ആവശ്യമാണ്.

എല്ലാം കൂടി ക്യാമറ സ്ഥാപിക്കാന്‍ 20000 രൂപയാണ് ഒരു ബസിന് ചെലവ് വരുന്നത്. സീറ്റ് ബെല്‍റ്റിനും 1000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. ചെലവ് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബസ്സുടമകള്‍ പറയുന്നു. പകുതി തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുമെങ്കിലും ഇത് ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം എപ്പോഴെങ്കിലുമാണ് ലഭിക്കുന്നത്. ജില്ലയില്‍ 300-ഓളം സര്‍വീസ് ബസുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ലോറിയും ടിപ്പറും ബെല്‍റ്റിലേക്ക്

നിര്‍ബന്ധമാക്കിയതോടെ ലോറികളിലും ടിപ്പറുകളിലും മാത്രം സീറ്റ് ബെല്‍റ്റ് സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. ക്ഷമത പരിശോധിക്കുന്ന തീയതിയോടടുത്ത് സീറ്റ് ബെല്‍റ്റ് വയ്ക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. പുതിയ ടിപ്പര്‍, ഭാരത് ബെന്‍സ് വാഹനങ്ങള്‍, ഹെവി ടോറസുകള്‍ സീറ്റ് ബെല്‍റ്റോടുകൂടിയാണ് വരുന്നത്. സീറ്റ് ബെല്‍റ്റ് ഉറപ്പാക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധനയും നടത്തുന്നുണ്ട്.

ഭാരവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് കൊല്ലം ബൈപ്പാസില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു | ഫോട്ടോ: മാതൃഭൂമി
സീറ്റ് ബെല്‍റ്റ് ധരിക്കാതെ എത്തിയവര്‍ക്ക് 500 രൂപവീതമാണ് പിഴയിട്ടത്. 1,000 രൂപ പിഴ ഈടാക്കാമെന്ന കേന്ദ്രനിയമത്തില്‍ ഇളവുനല്‍കി പിഴ 500 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ചുരുക്കിയിരുന്നു. 1994 മുതല്‍ രജിസ്റ്റര്‍ചെയ്ത ഭാരവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. നിയമം ലംഘിച്ചാല്‍ മൂന്നുമാസത്തേക്കുവരെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നിയമമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മ ചൂണ്ടിക്കാട്ടി പിഴയൊടുക്കുന്നതില്‍നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടില്ല. പൊതുമേഖലാസ്ഥാപനങ്ങളിലേക്ക് ഇന്ധനവുമായി പോയ ട്രക്കുകളും നിയമം തെറ്റിച്ചാണ് എത്തിയത്. ട്രക്കുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചുനല്‍കേണ്ട വാഹനയുടമകള്‍ തങ്ങളെ കൈയൊഴിഞ്ഞതായി ചില ഡ്രൈവര്‍മാര്‍ പരിഭവിച്ചു.

നവംബര്‍ ഒന്നുമുതലാണ് ബസ്, ട്രക്ക് അടക്കമുള്ള ഭാരവാഹനങ്ങളുടെ ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിക്കാന്‍ ഒക്ടോബര്‍ 31 വരെ സമയം നീട്ടിനല്‍കുകയായിരുന്നു.

നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് 5,200 കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരുന്നു. സ്വിഫ്റ്റ് ബസുകളിലും പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളിലും സീറ്റ് ബെല്‍റ്റ് നേരത്തേതന്നെ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!