കൂത്തുപറമ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

കണ്ണവം: കൂത്തുപറമ്പ് സ്വദേശിയെ മർദ്ദിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പണം കവർന്ന കേസിലെ ആറ് പ്രതികളെ കണ്ണവം പ്രിൻസിപ്പൽ എസ്.ഐ വിപിനും സംഘവും പിടികൂടി. കോളയാട് പുത്തലം സ്വദേശികളായ റോബിൻ തകിടിപുറത്ത് (39), അജ്മൽ കപ്പിലക്കണ്ടി (23), ജോൺ എനിയാടൻ (23), നിടുംപൊയിൽ പെരുന്തോടിയിലെ അമ്പാടി എന്ന സനീഷ് പുതുക്കുടി (34), കണ്ണവം ശിവജി നഗറിലെ നിഖിൽ തൈക്കണ്ടി (21), കണ്ണവം പൂഴിയോടിലെ അഭിനന്ദ് എള്ളത്തുപറമ്പ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചിറ്റാരിപ്പറമ്പ് ഒണിയൻ പ്രേമൻ വധക്കേസിലെ എട്ടാം പ്രതിയാണ് നിഖിൽ.
ചൊവ്വാഴ്ച രാവിലെ പൂവത്തിൻകീഴ് ചുണ്ടയിലാണ് സംഭവം. സ്കൂട്ടറിൽ വരികയായിരുന്ന കൂത്തുപറമ്പ് സ്വദേശിയെ നമ്പർ പ്ലേറ്റില്ലാത്ത കാറിൽ വന്ന ആറംഗ സംഘം തടഞ്ഞ് നിർത്തി മർദ്ദിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പണം കവരുകയായിരുന്നു. കണ്ണവം പ്രോബേഷൻ എസ്.ഐ കെ. വിപിൻ, സീനിയർ സി.പി.ഒ ബിജേഷ് തെക്കുമ്പാടൻ, അഷറഫ് കോറോത്ത്, പ്രജിത്ത് കണ്ണിപൊയിൽ, നിസാമുദ്ധീൻ, അനീസ്, സരിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.