അമിത വേഗം, അലക്ഷ്യമായ മറികടക്കൽ… : ജീവൻ പണയംവെക്കണം, ബൈപ്പാസിൽ യാത്രചെയ്യാൻ

നടാൽ : “15 വർഷത്തോളമായി ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട്. ജീവിതത്തിലെ ആദ്യ അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. രാവിലെ മേലൂരിലെ വീട്ടിൽനിന്ന് നടാലിലെ ഓഫീസിലേക്ക് വരികയായിരുന്നു. നടാൽ ഗേറ്റ് എത്തുന്നതിന് മുൻപേയാണ് മറ്റൊരു വലിയ വാഹനത്തെ മറികടന്ന് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസ് അഭിമുഖമായി പാഞ്ഞുകയറിയത്. അൽപനേരം കണ്ണിൽ ഇരുട്ടുകയറി. ജീവൻപോയി എന്ന് വിചാരിച്ച നിമിഷം…” ചാല-നടാൽ ബൈപ്പാസിലെ സ്ഥിരം യാത്രക്കാരനായ എൻ. നിഖിലിന്റെ അനുഭവമാണിത്. ബൈപ്പാസിലെ ദീർഘദൂര ബസുകളുടെ മരണപ്പാച്ചിലിനിടെ ആയുസ്സിന്റെ ബലത്തിൽ ജീവിതം തിരിച്ചുകിട്ടിയ നിരവധിപേരിൽ ഒരാളാണിദ്ദേഹം.
എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് മുന്നിൽവെച്ച് ഇദ്ദേഹം ബസിനെ പിൻതുടർന്ന് പിടികൂടി. അമിതവേഗത്തെയും റോഡ് നിയമം പാലിക്കാത്തതിനെയും കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയ നിഖിലിനോട് കാക്കിവേഷം ധരിക്കാത്ത ഡ്രൈവറുടെ പ്രതികരണം ഇങ്ങനെയായിരുന്നു : “ഒന്നും പറ്റിയില്ലല്ലോ… സ്ഥലം കാലിയാക്ക്…” ഇത് സംബന്ധിച്ച് എടക്കാട് പോലീസിനെ സമീപിച്ചിരിക്കുകയാണ് നിഖിൽ.
ശരീരം നുറുക്കിയ അപകടം
ബൈപ്പാസിന് വിളിപ്പാടകലെ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനരീതിയിലുണ്ടായ അപകടത്തിന്റെ ഫലം ഇപ്പോഴും അനുഭവിക്കുന്നയാളാണ് വടക്കുമ്പാട് പോസ്റ്റ് ഓഫീസ് പരിസരത്തെ മിഥുൻ മാധവൻ. നടാൽ ബൈപ്പാസിലെ വാഹന ഷോറൂം ജീവനക്കാരനായിരുന്ന മിഥുൻ രാവിലെ ജോലിക്ക് പോകുന്നതിനിടെ 2019-ലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുനേരേയാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഇരച്ചുകയറിയത്. ഒരു ഓട്ടോറിക്ഷ തകർത്തശേഷമായിരുന്നു ബസിന്റെ പാച്ചിൽ. തലയ്ക്കും ഇടുപ്പെല്ലിനും തുടയെല്ലിനുമുൾപ്പെടെ ശരീരമാസകലം സാരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.
മുന്നറിയിപ്പ് ബോർഡുകൾ ‘നോ മൈൻഡ്’
‘പരമാവധി ഇത്ര കിലോമീറ്റർ വേഗത്തിൽ ഓടുക’, ‘റോഡ് പണിനടക്കുന്നതിനാൽ പതുക്കെ പോവുക’ തുടങ്ങി നിരവധി മുന്നറിയിപ്പ് ബോർഡുകൾ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ദീർഘദൂര ബസ് ഡ്രൈവർമാർ കാണാറില്ല. ടാങ്കർലോറികളെയുൾപ്പെടെ മറികടന്ന് യഥേഷ്ടം പോകുകയാണ് ഇത്തരം ബസുകൾ. മിംസ് ആസ്പത്രിക്ക് മുൻവശം അരിക് മാറ്റി നിർത്തി ആളെകയറ്റാൻ സ്ഥലമുണ്ടെങ്കിലും റോഡിന് മധ്യത്തിലായി നിർത്തുന്ന ബസുകളാണ് കൂടുതലും. ചാല ജങ്‌ഷനും നടാൽ റെയിൽവേ ഗേറ്റിനും മധ്യേയുള്ള രണ്ടുകിലോമീറ്റർ ദൂരമുള്ള ബൈപ്പാസിൽ ചാല ജങ്‌ഷൻ കഴിഞ്ഞാൽ മിംസ്, മാതൃഭൂമി, നടാൽ റെയിൽവേ ഗേറ്റ് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ.
ബസിൽ ആളുകൾ കുറവുള്ള സമയം ഡ്രൈവറുടെ ‘ദാക്ഷിണ്യ’മെന്നോണം ഇവിടങ്ങളിൽ നിർത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളിൽ നിർത്തുന്നത് കുറവ്. ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരുടെ സ്ഥിതിയും അത്യന്തം അപകടത്തിലാണ്. ജീവൻ പണയം വെച്ചുവേണം ബൈപ്പാസിലൂടെ നടന്നുപോകാൻ. ഏത് നിമിഷവും മറ്റ് വാഹനങ്ങളെ മറികടന്ന് ബസുകൾ മുഖാമുഖമെത്താം.
മനഃപൂർവമല്ലാത്ത നരഹത്യാക്കേസ്, നാമമാത്രമായ പിഴ തുടങ്ങി നിയമത്തിലെ പഴുതുകളാണ് ഇത്തരം നിയമലംഘനക്കാർക്ക് പ്രചോദനമെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. കേസിലുൾപ്പെട്ടയാൾ ദിവസങ്ങൾക്കകം വീണ്ടും വണ്ടിയുടെ സാരഥിയാകുന്നത് സ്ഥിരംകാഴ്ച. പോലീസും മോട്ടോർവാഹനവകുപ്പും സജീവമായി ഇടപെട്ടാലേ ബൈപ്പാസിലെ പ്രശ്നങ്ങൾക്ക് അറുതിയാകൂ.