ആറളം വനത്തിലെ മാവോവാദി വെടിവെപ്പ് : രഹസ്യാന്വേഷണവിഭാഗവും പ്രത്യേക സ്‌ക്വാഡും തെളിവെടുപ്പ് തുടങ്ങി

ഇരിട്ടി : മാവോവാദികൾ വനപാലകർക്കുനേരേ വെടിയുതിർത്ത സംഭവത്തിൽ വ്യക്തതതേടി സംസ്ഥാന വനം ചീഫ് കൺസർവേറ്റർ. സി.സി.എഫിന്റെ നിർദേശത്തെ തുടർന്ന് ഉന്നത വനംവകുപ്പ് മേധാവികൾ അമ്പലപ്പാറയിലെ വെടിവെപ്പ് നടന്ന സ്ഥലം പരിശോധിച്ചു. ആറളം വന്യജീവിസങ്കേതത്തിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനടുത്താണ് കഴിഞ്ഞ ദിവസം മൂന്ന് വനം വാച്ചർമാർക്ക് നേരേ അഞ്ചംഗ മാവോവാദിസംഘം വെടിയുതിർത്തത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോവാദിവിരുദ്ധ സേനകളും രഹസ്യാന്വേഷണവിഭാഗവും ആറളം വെടിവെപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
പശ്ചിമഘട്ട വനസംരക്ഷണസേനകളും നക്‌സൽവിരുദ്ധ സേനാവിഭാഗങ്ങളും കേരള വനംവകുപ്പുമായി ബന്ധപ്പെട്ട് വിവരശേഖരണം തുടങ്ങി. ആറളം വൈൽഡ്‌ലൈഫ് വാർഡൻ ജി. പ്രദീപ്, അസി. വാർഡൻ പി. പ്രസാദ്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ കാരായി എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. വയനാട് വഴി കാൽനടയായാണ് ആറളം അമ്പലപ്പാറയിലേക്ക് പോയത്.
ഈ പരിസരങ്ങളിൽ രണ്ടുദിവസമായി തണ്ടർബോൾട്ട് സേനയും തിരച്ചിൽ തുടരുകയാണ്. കർണാടകത്തിൽനിന്നുള്ള ആന്റി നക്‌സൽ ഫോഴ്‌സ്, തമിഴ്‌നാട്ടിലെ ക്യു ബറ്റാലിയൻ, കേരളത്തിന്റെ ആന്റിടെററിസ്റ്റ് ഗ്രൂപ്പ്, സ്‌പെഷ്യൽ ഓപ്പറേഷൻ ടീം വിഭാഗങ്ങളിൽ പെട്ട സുരക്ഷാ ഉദ്യോഗസ്ഥരും മേഖലയിലുണ്ട്. വാച്ചർമാരുടെ പരാതിയിൽ ആറളം പോലീസ് യു.എ.പി.എ. ചുമത്തി കേസെടുത്തിരുന്നു.