കറുത്ത ഉപ്പ് ഉപയോഗിച്ചിട്ടുണ്ടോ ; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

ഉപ്പില്ലാത്തൊരു പാചകത്തെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഭക്ഷണത്തിന് രുചി പകരുന്നതില്‍ ഉപ്പിന്റെ സ്ഥാനം വളരെ വലുതാണ്. അതുപോലെ ഉപ്പ് ആവശ്യത്തിലധികമായാലും പ്രശ്‌നം തന്നെയാണ്. നമ്മളില്‍ ഭൂരിഭാരം പേരും പാചകത്തിനായി വെളുത്ത ഉപ്പാണ് ഉപയോഗിക്കുന്നത്.
വെളുത്ത ഉപ്പില്‍ സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്നതാണ്, ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം കറുത്ത ഉപ്പില്‍ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്.
വെളുത്ത ഉപ്പിനേക്കാള്‍ പോഷകസമ്പന്നമാണ് കറുത്ത ഉപ്പ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. കൂടാതെ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. വയറ്റിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കറുത്ത ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിന്റെ ക്ഷാരഗുണങ്ങള്‍ വയറ്റിലെ ആസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും വയര്‍ വീര്‍ത്തുകെട്ടുന്നത് തടയുകയും ചെയ്യും. കൂടാതെ കരളിനെ പിത്തരസം ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ഇത് ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കുകയും വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരവുമാണ്.
കറുത്ത ഉപ്പ് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. മലബന്ധം തടയാനും ഗുണം ചെയ്യും. ഇഞ്ചി, നാരങ്ങ നീര് തുടങ്ങിയ ചേരുവകള്‍ക്കൊപ്പം ഇത് കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
കറുത്ത ഉപ്പ് എന്നത് റോക്ക് സാൾട്ടാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ഇന്ത്യയിൽ ഹിമാലയൻ മലനിരകളിൽ നിന്നാണ് കറുത്ത ഉപ്പ് എടുക്കുന്നത് . സൂപ്പർ മാർക്കറ്റുകളിലും ഓൺ ലൈൻ സ്റ്റോറുകളിലും സുലഭമായി കിട്ടും.