ആറളത്ത് ടൈഗർ സഫാരി പാർക്ക് പരിഗണനയിൽ

ആറളം: സംസ്ഥാന വനം-വന്യജീവി വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിന് ആറളം വന്യജീവി സങ്കേതവും പരിഗണനയിൽ. കോഴിക്കോട് പെരുവണ്ണാമുഴിയിലോ ആറളം വന്യജീവി സങ്കേതത്തിലോ ആരംഭിക്കാനാണ് തീരുമാനം.
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് കൂട് വെച്ച് പിടിക്കുന്ന കടുവകളെ പ്രത്യേക ആവാസ വ്യവസ്ഥ ഒരുക്കി സംരക്ഷിക്കുന്നതോടൊപ്പം വിനോദ സഞ്ചാരകേന്ദ്രമാക്കി വളർത്തുക കൂടിയാണ് പാർക്കിന്റെ ലക്ഷ്യം. പലയിടങ്ങളിൽ നിന്ന് പിടിച്ച അഞ്ച് കടുവകളെ ബത്തേരിയിൽ പ്രത്യേക കൂടുകളിൽ പാർപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവകളെ ഇനിയും പിടിക്കേണ്ടി വരും.
പെരുവണ്ണാമുഴിയിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിന് ഏതെങ്കിലും തരത്തിൽ എതിർപ്പുകൾ ഉണ്ടായാൽ ആറളം പരിഗണിക്കും. ആറളം ഫാമിനോട് ചേർന്ന് വന്യജീവി സങ്കേതത്തിന്റെ 45 ഏക്കർ ഭൂമിയുണ്ട്. ഇത് ഫാമിന് വിട്ടുകൊടുത്താൽ, വന്യജീവി സങ്കേതത്തിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേർന്ന് ഇത്രയും ഭൂമി തിരിച്ചുകിട്ടും.
ഇവിടെ സഫാരി പാർക്ക് ഉണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുവണ്ണാമുഴിയെക്കാൾ അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആറളത്താണെന്ന് വിദഗ്ധർ പറയുന്നു.