റിട്ടയര്‍മെന്റ്: 80% പേര്‍ക്കും ആസൂത്രണമില്ല, കുട്ടികളെ ആശ്രയിക്കാമെന്ന് കരുതുന്നവര്‍ ഏറെ

Share our post

80 ശതമാനം പേരും വിരമിച്ച ശേഷമുള്ള ജീവത്തിന് സാമ്പത്തിക ആസൂത്രണം നടത്തിയിട്ടില്ലെന്ന് സര്‍വെ. ടിയര്‍ ഒന്ന്, ടിയര്‍ രണ്ട് നഗരങ്ങളിലെ 5,500 പേരില്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.

വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കുട്ടികളെ ആശ്രയിച്ച് കഴിയാമെന്നും കരുതുന്നു. റിട്ടയര്‍മെന്റ് ആസൂത്രണത്തെക്കുറിച്ചുള്ള അവബോധം വിലയിരുത്തുന്നതിന് ബജാജ് ക്യാപിറ്റലാണ് പ്രധാന നഗരങ്ങളിലെ 35നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ സര്‍വെ സംഘടിപ്പിച്ചത്.

അതേസമയം, റിട്ടയര്‍മെന്റ് കാല ജീവിതത്തെക്കുറിച്ചും അതിന് വേണ്ട സമ്പാദ്യത്തെക്കുറിച്ചും ചെറുപ്പക്കാര്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് സര്‍വെ കണ്ടെത്തി.

പ്രതികരിച്ചവരില്‍ 25 ശതമാനവും വിരമിക്കല്‍ ആസൂത്രണം നിര്‍ണായക തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അതേസമയം, 75 ശതമാനം പേര്‍ക്കും വിരമിക്കല്‍ ആസൂത്രണത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. എത്രയുംനേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിയുമെന്നതാണ് നേട്ടമെന്ന് ചെറുപ്പക്കാര്‍ കരുതുന്നു.

മറ്റ് കണ്ടെത്തലുകള്‍:

പ്രതികരിച്ചവരില്‍ 32 ശതമാനംപേരും ഇതനികം വിരമിക്കല്‍ ആസൂത്രണം ആരംഭിച്ചു. ഇതിലേറെയും പുതിയ തലമുറയില്‍പ്പെട്ടവരാണ്.

കോവിഡിന് ശേഷം ഭാവിയിലേക്കുള്ള നിക്ഷേപത്തെക്കുറിച്ച് അവബോധം വര്‍ധിച്ചു. 38 ശതമാനം പേരും വിരമിച്ചശേഷമുള്ള ജീവിതത്തിന് നിക്ഷേപം ആരംഭിച്ചത് അതിനുശേഷമാണ്.

മ്യൂച്വല്‍ ഫണ്ടാണ് അനുയോജ്യമായ നിക്ഷേപ പദ്ധതിയായി ഭൂരിഭാഗംപേരും(75%) തിരഞ്ഞെടുത്തത്. ഇന്‍ഷുറന്‍സ്(44%), സ്ഥിര നിക്ഷേപം (43%).

കൂടിയ ആയുര്‍ദൈര്‍ഘ്യവും കുതിക്കുന്ന വിലക്കയറ്റവും കണക്കിലെടുത്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളെക്കുറിച്ച് യുവാക്കളില്‍ അവബോധം വര്‍ധിച്ചു.

ടിയര്‍-2 നഗരങ്ങളില്‍ സര്‍വെയില്‍ പങ്കെടുത്തവരില്‍ 20 ശതമാനം പേര്‍ 40കളുടെ അവസാനത്തിലാണ് വിരമിക്കല്‍ ആസൂത്രണം ആരംഭിച്ചത്. ഇതില്‍ 16 ശതമാനം പുരുഷന്മാരും നാല് ശതമാനം സ്ത്രീകളുമാണ്. അതേസമയം, 80 ശതമാനംപേരും വിരമിച്ചശേഷമുള്ള നിക്ഷേപത്തിന് പ്രാധാന്യം നല്‍കിയിട്ടില്ല.

എന്‍.പി.എസ്, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിര നിക്ഷേപം, ഇന്‍ഷുറന്‍സ് എന്നിവയാണ് വിരമിക്കല്‍ ആസൂത്രണത്തിന് ഏറ്റവും പ്രാചരമുള്ള നിക്ഷേപ പദ്ധതികളായി കരുതുന്നത്. ചെറുപ്പക്കാരാകട്ടെ കൂടുതലും മ്യൂച്വല്‍ ഫണ്ടിനെയാണ് ആശ്രയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!