റിലയന്‍സ് എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

എസ്.ബി.ഐ കാര്‍ഡും റിലയന്‍സ് റീട്ടെയിലും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ‘റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ്’ പുറത്തിറക്കി. റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ്, റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.
വസ്ത്രങ്ങള്‍ മുതല്‍ പലചരക്ക് സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാര്‍മ, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവക്ക് റിലയന്‍സ് റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളിലെല്ലാം പ്രത്യേക കിഴിവ് ലഭിക്കും. റിലയന്‍സ് സ്മാര്‍ട്ട്, സ്മാര്‍ട്ട് ബസാര്‍, റിലയന്‍സ് ഫ്രഷ് സിഗ്‌നേച്ചര്‍, റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ട്രെന്‍ഡ്‌സ്, ജിയോമാര്‍ട്ട്, അജിയോ, റിലയന്‍സ് ജൂവല്‍സ്, അര്‍ബന്‍ ലാഡര്‍, നെറ്റ്മെഡ്സ് എന്നിവ റിലയന്‍സ് റീട്ടെയിലിന്റെ കീഴില്‍ വരുന്ന സ്റ്റോറുകളാണ്.
റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ് പ്രൈമിന്റെ വാര്‍ഷിക ഫീസ് 2,999 രൂപയും, റിലയന്‍സ് എസ്.ബി.ഐ കാര്‍ഡിന് 499 രൂപയുമാണ്. റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ് പ്രൈമില്‍ 3,00,000 രൂപയും റിലയന്‍സ് എസ്.ബി.ഐ കാര്‍ഡില്‍ 1,00,000 രൂപയും ഷോപ്പിംഗ് ചെയ്താല്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതുക്കല്‍ ഫീസ് ഇളവ് ലഭിക്കും.