ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങൾ വരൾച്ചയ്ക്ക് തടയിടും

കണ്ണൂർ: വരും വേനലിൽ പ്രവചിച്ചിരിക്കുന്ന കൊടുംവരൾച്ച നേരിടാൻ ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.വരൾച്ച നേരിടുന്ന എല്ലാ ഇടങ്ങളിലും വ്യാപകമായി മഴവെള്ള റീച്ചാർജിന് പദ്ധതികൾ ആസൂത്രണം ചെയ്തു.
നീർച്ചാലുകൾ ശുചീകരണം, താത്കാലിക തടയണകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.ഇന്ന് കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 47 പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ പിന്തുണയോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
ചെറുകിട ജലസേചന വകുപ്പും ഭൂഗർഭ ജലവകുപ്പും മണ്ണ് ജല സംരക്ഷണ വകുപ്പും പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ജലാഞ്ജലി നീരുറവ് എന്ന പേരിൽ സംസ്ഥാനത്ത് തയാറാക്കിയ പദ്ധതി രേഖയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.നീരുറവ പദ്ധതിനീർത്തടാധിഷ്ഠിത വികസനത്തിനായി ജില്ലയിൽ എല്ലാ ഗ്രാമ പഞ്ചായത്തുകളും നീരുറവ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം ജില്ലയിൽ 4500 താത്കാലിക തടയണകളും 210 സ്ഥിരം തടയണകളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനുപുറമേ വരുന്ന ആറ് മാസത്തിനകം ജില്ലയിൽ 10,000 വീടുകളിൽ കിണർ റീച്ചാർജ്ജ് സംവിധാനം ഒരുക്കും.1800 പുതിയ ഓപ്പൺ കിണറുകൾ നിർമ്മിക്കാനും 300 ചെറുകുളങ്ങൾ നിർമ്മിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
ജല ബഡ്ജറ്റ്ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ജല വിഭവ സർവേയെ അടിസ്ഥാനമാക്കി തയാറാക്കുന്ന ജലസുരക്ഷരേഖയാണ് ജലബഡ്ജറ്റ്. വെള്ളം ഒലിച്ചുപോകാതെ മണ്ണിലിറക്കാനും മലിനമാക്കാതിരിക്കാനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് ജലബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ലക്ഷ്യം.
പത്തുവർഷത്തിനുള്ളിൽ തദ്ദേശ ഭരണപരിധിയിലെ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ തോതും ബാഹ്യപദ്ധതികൾ വഴി ലഭിച്ച ജലത്തിന്റെ അളവും കണക്കു കൂട്ടിയാണ് ബഡ്ജറ്റിൽ വരവ് ചിട്ടപ്പെടുത്തുന്നത്. ജലവിഭവവകുപ്പ് ഹൈഡ്രോളജി വിഭാഗം സ്ഥാപിച്ച വർഷമാപിനികളിൽ നിന്നുള്ള ഡാറ്റയാണ് ബഡ്ജറ്റ് തയ്യാറാക്കാൻ പ്രധാനമായും ആശ്രയിക്കുന്നത്. ജലബഡ്ജറ്റ് പൂർത്തിയാക്കിയ പഞ്ചായത്തുകൾകൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ, ചൊക്ലി, പന്ന്യന്നൂർ, കതിരൂർ, മെകേരി.
ജലബഡ്ജറ്റ് പുരോഗമിക്കുന്ന പഞ്ചായത്തുകൾചെറുകുന്ന്, കണ്ണപുരം, പായം, കൂടാളി, പെരളശ്ശേരി, ചെമ്പിലോട്, പടിയൂർ, മലപ്പട്ടം, എരഞ്ഞോളി, പിണറായി, കോട്ടയം, കുറുമാത്തൂർ, ചപ്പാരപ്പടവ്, ഉദയഗിരി, ചെങ്ങളായി, പരിയാരം, പാപ്പിനിശ്ശേരി, അഴീക്കോട്.