പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി വരെ; 2128 കോടി രൂപയുടെ നിക്ഷേപത്തിന് വാഗ്ദാനം

കണ്ണൂർ : വ്യവസായ, ടൂറിസം രംഗത്ത് ജില്ലയ്ക്ക് വൻ വികസന പ്രതീക്ഷകൾ സമ്മാനിച്ച് എൻ.ആർ.ഐ സമ്മിറ്റിനു സമാപനം. ജില്ലാ പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്നു സംഘടിപ്പിച്ച സമ്മിറ്റിൽ വമ്പൻ പദ്ധതി നിർദേശങ്ങളുമായാണ് പ്രവാസി സംരംഭകർ എത്തിയത്. 2 ദിവസങ്ങളിലായി 2128 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിലായി ഇന്നലെ 724 കോടി രൂപയുടെ നിക്ഷേപം നടത്താൻ സംരംഭകർ സന്നദ്ധത അറിയിച്ചു. ആദ്യദിനം വ്യവസായ രംഗത്ത് 1404 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകൾ, മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി, ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്റർ തുടങ്ങി ഒട്ടേറെ പദ്ധതികളിലായാണ് നിക്ഷേപം നടത്തുക. അരോമ ഗ്രൂപ്പും ശ്രീറോഷ് ബിൽഡേഴ്‌സുമാണ് പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതികൾ അവതരിപ്പിച്ചത്. അരോമ ഗ്രൂപ്പ് ഏച്ചൂരിൽ 200 കോടി നിക്ഷേപിക്കും.
200 കോടി രൂപ നിക്ഷേപിച്ച് മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കുമെന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രി അധികൃതർ അറിയിച്ചു. 80 കോടി രൂപ ചെലവിൽ മുട്ടന്നൂരിൽ കോൺകോഡ് ഹിൽസ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്റർ സ്ഥാപിക്കുമെന്ന് ആർക്കിടെക്ട് അനാമിക അനിൽ, ബിൽഡർ ഹിരോഷ് നൈന ഗൗതമൻ എന്നിവർ അറിയിച്ചു.
ടൂറിസത്തിനായി 340 ഏക്കര് ഭൂമി വിട്ടുനൽകാൻ സ്വകാര്യ വ്യക്തികൾ സമ്മിറ്റിൽ സന്നദ്ധത അറിയിച്ചു. സ്റ്റഡി വേൾഡ് എജ്യുക്കേഷൻ ഹോൾഡിങ് ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്താൻ സന്നദ്ധ അറിയിച്ചു. പ്രവാസി ഗ്ലോബൽ ഇൻഡസ്ട്രിയൽ പാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂരിൽ 100 ഏക്കർ സ്ഥലത്ത് പ്രവാസി ടൗൺഷിപ് നിർമിക്കും.
ഡിജിറ്റൽ അക്കാദമി, ഷോപ്പിങ് മാളുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ഇൻക്യുബേഷൻ – ബിസിനസ് സെന്ററുകൾ എന്നിവ ആരംഭിക്കാൻ പ്രവാസി സംരംഭകരും കൂട്ടായ്മകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.സമ്മിറ്റിൽ എത്തിപ്പെടാൻ കഴിയാത്ത വ്യവസായികൾക്ക് തുടർന്നും ജില്ലാ പഞ്ചായത്ത് ഇൻവസ്റ്റേഴ്‌സ് ഹെൽപ് ഡെസ്‌ക് വഴി പിന്തുണ നൽകും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ നവീകരിക്കാൻ അടുത്ത ജില്ലാ പഞ്ചായത്ത് ബജറ്റിൽ പ്രത്യേകം ഫണ്ട് വകയിരുത്തും.
പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വ്യവസായ വളർച്ചയ്ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന സന്ദർഭമാണിത്. കണ്ണൂരിൽ നിക്ഷേപിക്കാൻ സംരംഭകർ മിടിച്ചു നിന്ന സാഹചര്യമായിരുന്നു. അതു മാറ്റിയെടുക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള എൻ.ആർ.ഐ സമ്മിറ്റിനു കഴിയുന്നത് ജില്ലയുടെ വളർച്ചയ്ക്ക് നേട്ടമാകും. നിക്ഷേപിക്കാൻ തയാറായവർക്ക് പൂർണ പിന്തുണ നൽകുന്നത് ഇനിയും മടിച്ചു നിൽക്കുന്നവരെയും ഭാവിയിൽ ജില്ലയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും.
ടി.ഒ.മോഹനൻ, മേയർ
പുതിയ തലമുറ ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ നിറവേറ്റാനും സാമ്പത്തിക സുസ്ഥിരമായ ജില്ലയാക്കി കണ്ണൂരിനെ മാറ്റാനും കഴിയണം. ഈസ് ഓഫ് ഡൂയിങ്ങിൽ വളരെയേറെ മുന്നോട്ടു പോകാൻ കഴിഞ്ഞു. നാടിനുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമം അഭിനന്ദനാർഹമാണ്. സജീവ് ജോസഫ് എം.എൽ.എ