സീറോ ബാലൻസ് സേവിങ്‌സ് അക്കൗണ്ടുമായി ബി.ഒ.ബി

കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഉത്സവകാലത്തോടനുബന്ധിച്ച് ‘ബി.ഒ.ബി. ലൈറ്റ് സേവിങ്സ് അക്കൗണ്ട്’ എന്ന പേരിൽ ആജീവനാന്ത പൂജ്യം ബാലൻസ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡും തിരഞ്ഞെടുക്കാം. അക്കൗണ്ടിൽ ഓരോ പാദത്തിലും നാമമാത്രമായ ശരാശരി ബാലൻസ് നിലനിർത്തിയാൽ മതി. യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡും ലഭിക്കും.
10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ ഏവർക്കും അക്കൗണ്ട് തുറക്കാനാകും. ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. കൂടാതെ ഉത്സവകാല ഓഫറുകളും ബാങ്ക് നൽകുന്നുണ്ട്.