പോക്സോ കേസിൽ പ്രതിക്ക് നാലു വർഷം തടവ്

മട്ടന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാലു വർഷം തടവും 25000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മണക്കായി കയനി ചേരിക്കൽ ഹൗസിൽ എ.കെ. വിജേഷിനെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകണം.
2020 ഒക്ടോബർ നാലിനാണ് സംഭവം. നടന്നുപോകുന്ന പെൺകുട്ടിയെ പ്രതി തന്റെ സ്കൂട്ടറിൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മട്ടന്നൂർ എസ്.ഐ. ആയിരുന്ന ഷിബു എഫ്. പോൾ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.