ജനകീയ പ്രക്ഷോഭം ഫലംകണ്ടു, ഒടുവില്‍ മാഹി പാലം അറ്റകുറ്റപ്പണിക്കായി 19.33 ലക്ഷം അനുവദിച്ചു

മാഹി : ജനശബ്ദമുള്‍പ്പെടെയുളള നിരവധി സംഘടനകള്‍ നടത്തിയ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് മാഹി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ട് അനുവദിച്ചു.
19.33 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രവൃത്തി ഉടനെ നടക്കുമെന്നും എന്‍.എച്ച്.എ.ഐ. കോഴിക്കോട് ഓഫീസ്, കേരള പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തെ അറിയിച്ചു.
മുഴപ്പിലങ്ങാട് മുതല്‍ മാഹി പാലം വരെ റീ ടാറിങ്ങ് പ്രവൃത്തി ചെയ്യുന്നതിന് 7.60 കോടി രൂപ അനുവദിച്ചതായും അറിയിച്ചു. 14.60 കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയതില്‍ 7.60 കോടി മാത്രമാണ് അനുവദിച്ചത്. മുഴുവന്‍ തുകയും അനുവദിക്കണമെന്ന് എന്‍.എച്ച്.എ.ഐ.യോട് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് ഇക്കാര്യം ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചത്.മാഹിക്ക് പുതിയ പാലം നിര്‍മ്മിക്കുന്നതിനായി സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (സി.ആര്‍.എഫ്.ഐ) 21 കോടി രൂപയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നതും മയ്യഴിയുടെ പ്രവേശന കവാടവുമായ മാഹി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിയെന്താണെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ എം.പിയുടെ പ്രതിനിധി എം.പി.അരവിന്ദാക്ഷന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഴപ്പിലങ്ങാട് – മാഹി പാലം വരെ താര്‍ ചെയ്യുന്നതിന് മതിയായ തുക അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് കെ.മുരളീധരന്‍ എം.പി.യുടെ സാന്നിധ്യത്തില്‍ കേന്ദ്ര ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് എം.പി. അരവിന്ദാക്ഷന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചു. പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉറപ്പ് നല്‍കി.