കേരള ചിക്കനിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും

കണ്ണൂർ: കേരള ചിക്കൻ പദ്ധതിയിലൂടെ ഇനി സംസ്കരിച്ച കോഴിയിറച്ചിയും മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തും. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. കോഴിയിറച്ചി കഴുകിവൃത്തിയാക്കി പല വിഭവങ്ങൾക്കാവശ്യമായ രീതിയിൽ മുറിച്ച് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വില്പന നടത്തും.
ആദ്യഘട്ടത്തിൽ കറിക്ക് ഉപയോഗിക്കുന്ന കഷണങ്ങളാണ് വില്പനയ്ക്കെത്തിക്കുക. പിന്നീട് സ്‌പെഷ്യലൈസ്ഡ് കട്ടുകളിലേക്ക് മാറും. ഡ്രംസ്റ്റിക്, ചിക്കൻ ലോലിപോപ് തുടങ്ങിയവയ്ക്കുള്ള കഷണങ്ങൾ ഇതിൽ ഉൾപ്പെടും. അതിനുശേഷമാണ് കട്ട്‌ലറ്റ്, നഗറ്റ്‌സ്, സോസേജ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുക.
തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി തുടങ്ങുക. ഇതിനായി കഠിനംകുളത്തുള്ള സംസ്കരണ പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇത് വിജയിച്ചാൽ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി ദിവസേന 25,000 കിലോ കോഴിയിറച്ചിയാണിപ്പോൾ വിൽക്കുന്നത്.
വിറ്റുവരവ് 208 കോടി
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. പദ്ധതി ആരംഭിച്ച 2019 മാർച്ച് മുതൽ ഒക്ടോബർ പകുതിവരെയുള്ള കണക്കാണിത്. പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന്റെ പ്രത്യേകത.
ഉപഭോക്താക്കൾക്ക് ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ എറണാകുളം ജില്ലയിലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി 345 ബ്രോയ്ലർ ഫാമുകളും 116 കേരള ചിക്കൻ ലുകളും സംസ്ഥാനത്തുണ്ട്. ഫാമുകളിൽനിന്ന് വളർച്ചയെത്തി കോഴികളെ കമ്പനിതന്നെ തിരികെയെടുത്തശേഷം കേരള ചിക്കൻ ഔറ്റ്ലെറ്റുകളിലൂടെ വിൽക്കും. പദ്ധതിയിൽ ഉൾപ്പെട്ട കോഴി വളർ കർഷകർക്ക് രണ്ട് മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ വളർത്തുകൂലിയായി ലഭിക്കും. ഔട്ട്ലറ്റ്ലെറ്റുകൾ നടത്തുന്ന ഗുണഭോക്താക്കൾക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവർക്ക് വരുമാനമായി ലഭിക്കുന്നത്. കേരള ചിക്കൻ ഫാമുകൾ ആരംഭിക്കാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അതത് കുടുംബജീ ജില്ലാമിഷനുകളുമായി ബന്ധപ്പെടാം.