ചാല-നടാൽ ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു: സമൂഹവിരുദ്ധർക്ക് ആര് കടിഞ്ഞാണിടും

ചാല : ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി. ചാല-നടാൽ ബൈപ്പാസ് റോഡിൽ മാതൃഭൂമി സ്റ്റോപ്പിന് സമീപത്തെ ജനവാസകേന്ദ്രത്തിലാണ് മാലിന്യം ഒഴുക്കുന്നത്. രാത്രിയിൽ റോഡരികിൽ വാഹനം നിർത്തി ഇവിടെയുള്ള ജലാശയത്തിലേക്ക് മലിനജലം നേരിട്ടൊഴുക്കുകയാണ്.
10 മീറ്ററോളം നീളത്തിൽ ചതുപ്പിൽ നിറയെ കക്കൂസ് വെള്ളം പരന്നുകിടക്കുന്നു. പട്ടണങ്ങളിൽ നിന്നും മറ്റും ടാങ്കർ ലോറികളിലാണ് ഇത് കൊണ്ടുവരുന്നത്. കക്കൂസ് മാലിന്യം നീക്കാൻ കരാറെടുക്കുന്നവർ വീടുകളിൽ നിന്നും മറ്റും മാലിന്യം ശേഖരിച്ച് ടാങ്കർ ലോറികളിൽ കയറ്റിവിടുന്നു. ചാല ബൈപ്പാസ് റോഡിൽ കടകൾ കുറവായതിനാൽ സ്ഥിരമായി ഇവിടെ തള്ളുന്നു. ടാങ്കർ ലോറികൾക്ക് വലിയ വാൾവുകളുണ്ട്. റോഡരികിൽ നിർത്തി ഇത് തുറക്കും. സെക്കൻഡുകൾക്കുള്ളിൽ ഇവ മുഴുവനായും പുറത്തേക്ക് ഒഴുകും.
പൊതുജനാരോഗ്യത്തിന് ഭീഷണി
: സ്ഥിരമായി ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി. ദുർഗന്ധം കാരണം കാൽനട യാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ടിവരുന്നു. മലിനജലം സമീപത്തെ കിണറുകളിലെത്താനും സാധ്യതയുണ്ട്. സ്ഥിരമായി മാലിന്യം ഒഴുക്കുന്നത് കാരണം കുടിവെള്ള സ്രോതസ്സ് മലിനമാകുമെന്ന ഭയം നാട്ടുകാർക്കുണ്ട്. ഇത് സാംക്രമികരോഗങ്ങൾക്കിടയാക്കും. ഇടയ്ക്ക് മഴ ലഭിക്കുന്നത് കൂടുതൽ സ്ഥലങ്ങളിൽ മലിനജലം എത്താൻ കാരണമാകുന്നു.
ഭീഷണിയായി മീൻവെള്ളവും
: ബൈപ്പാസ് റോഡിൽ യാത്രക്കാർക്ക് ഭീഷണിയായി മീൻ ലോറികളിൽനിന്നുള്ള മലിനജലവും ഒഴുക്കുന്നു. മിംസ് ആസ്പത്രിക്കും മാതൃഭൂമി സ്റ്റോപ്പിനും ഇടയിലാണ് സ്ഥിരമായി ലോറികൾ നിർത്തി മീൻവെള്ളം ഒഴുക്കുന്നത്. കഴിഞ്ഞ ദിവസം നട്ടുച്ചയ്ക്ക് റോഡിൽ മീൻവെള്ളം ഒഴുക്കുകയായിരുന്ന ലോറി നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം പോലിസിന്റെ പിടിയിലായി. അഴുകിയ മീനുകളായിരുന്നു ലോറിയിൽ. ഡ്രൈവർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
രണ്ടുദിവസം മുൻപും മാലിന്യം തള്ളുന്നതിനിടെ ലോറികൾ പോലിസ് പിടിച്ചിരുന്നു. ചില വാഹനങ്ങൾ ഇവിടെ സ്ഥിരമായി നിർത്തിയിടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇതിൽ സ്ഥിരമായി തൊഴിലാളികളുണ്ട്. രാത്രിയിൽ ഭക്ഷണം പാകംചെയ്യുന്ന ഇവർ ‘കക്കൂസായി’ ഉപയോഗിക്കുന്നത് സമീപത്തെ വയലുകളാണ്. രാത്രിയിൽ പോലീസ് പട്രോളിങ് കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.