കളമശ്ശേരി സ്ഫോടനം; 16 പേർ ഐ.സി.യുവിൽ, മൂന്നുപേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ സാരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നത് 16 പേർ. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ 60ഓളം പേർക്ക് പരിക്കേറ്റിരുന്നു.
21 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അഞ്ച് പേർ വാർഡുകളിലാണ് കഴിയുന്നത്. 10 ശതമാനം പൊള്ളലേറ്റ 14 വയസ്സുള്ള കുട്ടിയെ നാളെ ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റും. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരാളെ സ്കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സക്കുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെ 9.30ഓടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ബോംബ് സ്ഫോടനമുണ്ടായത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണ് പിന്നീട് മരിച്ചത്.
കളമശ്ശേരി സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തി. മാർട്ടിൻ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഇരുനില ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്ലാറ്റിൽ എത്തിച്ചത്.
രണ്ടാം നിലയുടെ ടെറസിലെത്തിച്ച പ്രതിയെ അര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന മുറിയിൽ പൊലീസ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറയുണ്ടാക്കി അതിസൂക്ഷ്മമായാണ് പരിശോധന നടത്തിയത്. ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇന്നലെയാണ് യു.എ.പി.എ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗൗരവതരമായ വകുപ്പുകൾ ചുമത്തി ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.