ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും വ്യാപകം; തൊണ്ടി മുതൽ പരിശോധനയ്ക്ക് ലാബുമില്ല, കിറ്റും

കണ്ണൂർ: സംസ്ഥാനത്തു ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കാത്തത് തുടർ നടപടികളെ പ്രതികൂലമായി ബാധിക്കുന്നു. ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും സർക്കാർ അംഗീകൃത കെമിക്കൽ ലാബുകൾ വഴിയും സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
ജില്ലയിൽ രാസ പരിശോധന നടത്താൻ ലാബില്ലാത്തതിനാൽ കോഴിക്കോടുള്ള റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലയച്ചാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സാമ്പിളുകൾ പരിശോധിക്കാൻ സർക്കാർ അംഗീകൃത ലാബുകൾ ഉള്ളത്. പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലാണ് പരിശോധിക്കുന്നത്.ലഹരി മരുന്നിന്റെ സാന്നിദ്ധ്യം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ആവശ്യത്തിന് എല്ലാ എക്സൈസ് ഓഫീസുകളിലും ലഭ്യമാക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഏതു ലഹരി മരുന്നാണ് ഉപയോഗിച്ചതെന്നും കണ്ടെത്താൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019ൽ ഉത്തരവിട്ടിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ചും ഇതേ നിർദ്ദേശം നൽകിയെങ്കിലും ഉത്തരവ് പാലിക്കപ്പെടുന്നില്ല. നിർദ്ദേശം പാലിച്ചെന്നു വരുത്താനായി കുറച്ചു കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്ന രീതിയാണ് കാണുന്നത്.ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചാണ് ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരുടെ രക്തസാമ്പിൾ, പിടികൂടിയ വസ്തു എന്നിവ തിരിച്ചറിയുന്നത്.
കിറ്റിലൂടെ പരിശോധിച്ചാൽ ലഹരി വസ്തു ഏത്, എത്ര അളവിൽ ഉപയോഗിച്ചു എന്നിവ പ്രിന്റായി ലഭിക്കും. നർകോട്ടിക് കൺട്രോൾ ബ്യൂറോ ആണ് ഡി.ആർ.ഐ, കസ്റ്റംസ്, എക്‌സൈസ്, പൊലീസ് എന്നീ ലഹരി മരുന്ന് പിടികൂടാൻ അധികാരമുള്ള ഏജൻസികൾക്ക് കിറ്റുകൾ നൽകുന്നത്. 6 മാസമാണ് കിറ്റിന്റെ കാലാവധി. ബംഗളൂരുവിലാണ് കിറ്റുകൾ നിർമ്മിക്കുന്നത്.പരിശോധന ഇത്രമാത്രംരണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 9610 സാമ്പിളുകളാണ് സംസ്ഥാനത്താകെ പരിശോധനയ്ക്ക് നൽകിയത്. അതിൽ 5613 സാമ്പിളുകളുടെ ഫലം മാത്രമാണ് വന്നത്.
3697 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിൽ നിന്ന് 269 സാമ്പിളുകളാണ് കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചത്. അതിൽ 60 ശതമാനത്തിന്റെ പരിശോധനാ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നത്.പരിശോധന കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നുണ്ട്. പരിശോധനാ ഫലം അടിയന്തരമായി ലഭ്യമാക്കുന്നതിന് വേണ്ടി കെമിക്കൽ ലാബുകളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു വരുന്നു.എം.ബി രാജേഷ്, എക്സൈസ് വകുപ്പ് മന്ത്രി.