കൃഷിക്ക് നനയ്ക്കാനായോ? എന്ത് വളമിടണം? മൊബൈലില്‍ നോക്കിയാലറിയാം

ന്യൂഡല്‍ഹി: കൃഷിസ്ഥലത്ത് ഇനിയെപ്പോള്‍ നനയ്ക്കണമെന്നും എന്ത് വളമിടണമെന്നുമെല്ലാം ശാസ്ത്രീയമായി അറിയാന്‍ മൊബൈലില്‍ നോക്കിയാല്‍ മതിയോ? കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും മൊബൈലില്‍ തന്നെ നല്‍കാന്‍ ഇന്നത്തെ സാങ്കേതികവിദ്യകള്‍ പര്യാപ്തമാണെന്ന് കാണിക്കുകയാണ് ഡല്‍ഹി പ്രഗതിമൈതാനില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്സിലെ വിവിധ പ്രദര്‍ശനങ്ങള്‍.
അത്യാധുനിക സാങ്കേതികവിദ്യകളെ കൃഷിക്കാര്‍ക്ക് ഉപകാരപ്പെടുത്തുന്നതെങ്ങനെയെന്ന് ഇവിടെ കാണാം. ഉപഗ്രഹാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി കര്‍ഷകര്‍ക്ക് വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്തും. ചെറുകിട സ്റ്റാര്‍ട്ടപ്പുകളുടെ ആപ്പുകള്‍ മുതല്‍ വന്‍കിടക്കാരായ റിലയന്‍സിന്റെ ജിയോഅഗ്രി ഉപകരണങ്ങള്‍ വരെ കര്‍ഷകര്‍ക്ക് വിവരം നല്‍കാന്‍ തയ്യാറാണ്.
ജിയോ കൃഷിയുടെ അഗ്രി ഐ.ഒ.ടി. എന്ന ഉപകരണം വഴി കൃഷിസ്ഥലത്തെ മണ്ണില്‍ സ്ഥാപിക്കുന്ന സെന്‍സറിലൂടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കും. ആകെ ഏഴ് സെന്‍സറുകളാണ് അഗ്രി ഐ.ഒ.ടി.യിലുള്ളത്. മണ്ണിന്റെ അപ്പോഴത്തെ ഈര്‍പ്പനില, വളം ചെയ്യേണ്ടതിന്റെ ആവശ്യകത, മണ്ണില്‍ ഏത് ഘടകമാണ് കുറവ്, അതിന് എന്ത് വളം ഉപയോഗിക്കണം എന്നിവയലെല്ലാം ഈ ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലില്‍ ലഭിക്കുമെന്ന് ജിയോകൃഷിയിലെ കലാനിധി സെലുഗു പറഞ്ഞു.
ഡല്‍ഹിക്കടുത്ത് നോയിഡയിലെ ബി.കെ.സി. അഗ്രിഗേറ്റേഴ്സ് എന്ന സ്ഥാപനം തയ്യാറാക്കിയ ഫസല്‍ സലാഹ് എന്ന ആപ്പ് കര്‍ഷകര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഉപഗ്രഹ സഹായത്തോടെ തത്സമയ കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ മുന്നറിയിപ്പ്, വളങ്ങളേയും കീടനാശിനികളേയും കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഈ ആപ്പില്‍ ലഭ്യമാണ്.
ഓരോ കര്‍ഷകര്‍ക്കും അവരവരുടെ കൃഷികളെ സംബന്ധിച്ച ഉപദേശങ്ങള്‍ക്ക് പുറമേ പത്ത് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പും ഫസല്‍ സലാഹ് ആപ്പില്‍ ലഭ്യമാണെന്ന് ബി.കെ.സി. അഗ്രിഗേറ്റേഴ്സിലെ പൂര്‍ണിമ എം. നായര്‍ പറഞ്ഞു. നാഷണല്‍ സീഡ്സ് കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് വഴി വിത്തുകള്‍ വാങ്ങാനും കര്‍ഷകര്‍ക്ക് സാധിക്കും. കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച വില നല്‍കുന്ന സമീപത്തെ വിപണിയേതാണെന്ന വിവരം വരെ ആപ്പ് നല്‍കുമെന്ന് പൂര്‍ണിമ പറഞ്ഞു.