വനംവകുപ്പിന്റെ അതിർത്തി ചെക്‌പോസ്റ്റ് കുടിയിറക്ക് ഭീഷണിയിൽ

ഇരിട്ടി : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയിൽ മാടത്തിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റ് കുടിയിറക്ക് ഭീഷണിയിൽ. ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിഞ്ഞുതരണമെന്നും അല്ലെങ്കിൽ കുടിയിറക്കുമെന്നും കാണിച്ച് കെട്ടിടമുടമ മാസങ്ങൾക്ക് മുൻപ് നൽകിയ അപേക്ഷയിൽ തീരുമാനമായില്ല.
അന്തസ്സംസ്ഥാനപാതയിൽ സ്ഥലം കണ്ടെത്തി സ്വന്തമായി കെട്ടിടമുണ്ടാക്കാം രണ്ടുമാസം മുൻപ് വനംവകുപ്പ് ചീഫ് കൺസർവേറ്റർ കെ.ദീപ, ഡി.എഫ്.ഒ. പി.കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിമേഖലകളിൽ പരിശോധന നടത്തിയിരുന്നു. ഇവരുടെ പരിശോധനയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന മറുപടി കിട്ടിയതോടെ കെട്ടിടം ഉടമ വെട്ടിലായി.
ഇരിപ്പുറക്കാതെ ചെക്പോസ്റ്റ്
ഇരിട്ടി പാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ചെക്ക്‌പോസ്റ്റ് പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി മാടത്തിയിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ഏറെക്കാലം അവിടെ പ്രവർത്തിച്ച ശേഷം കൂട്ടുപുഴ അതിർത്തിയിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി. കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി കൂട്ടുപുഴയിൽ പഴയ പാലത്തിനുപകരം പുതിയ പാലം നിർമിച്ചതോടെ ചെക്പോസ്റ്റിന്റെ പ്രാധാന്യം കുറയുകയും വീണ്ടും മാടത്തിയിൽ നേരത്തേ പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടത്തിലേക്കുതന്നെ മാറ്റുകയുമായിരുന്നു.
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഓഫീസിൽ മൂന്ന് ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്. പ്രാഥമികാവശ്യങ്ങൾക്ക് അടുത്തുള്ള ആരാധനാലയത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ
കിളിയന്തറയിൽ ഒഴിഞ്ഞുകിടക്കുന്ന എക്സൈസ് ചെക്ക്‌പോസ്റ്റും കാടുകയറി നശിക്കുന്ന വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുമുള്ളപ്പോഴാണ് സ്ഥലം ലഭിക്കാത്തതിനാൽ വനം വകുപ്പിന്റെ ഓഫീസ് പ്രതിസന്ധിയിൽ നില്ക്കുന്നത്.
എക്സൈസിന്റെയും പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും ഒാഫീസുകളെല്ലാം അതിർത്തിയിലേക്ക് മാറ്റിയപ്പോഴാണ് വനംവകുപ്പിന്റെ ഓഫീസ് മാത്രം അതിർത്തിയിൽനിന്ന് കിലോമീറ്ററുകളോളം അകലെ കിടക്കുന്നത്.