അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക്

Share our post

കേളകം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമ്മിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു സ്വകാര്യ സംയുക്ത സംരംഭമായാണ് നിർമ്മിക്കുന്നത്. ചെന്നൈയിലെ ശ്രീ ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണ കരാർ.

വനം വകുപ്പിന്റെ ക്ലിയറൻസ് മാത്രമാണ് ഇനി ലഭിക്കാൻ ബാക്കി.വൈദ്യുതി ഉൽപാദന രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റ തീരുമാനപ്രകാരമാണ് ഏഴ് വർഷത്തിന് ശേഷം അടക്കാത്തോട് പദ്ധതി സജീവ പരിഗണനയിലേക്ക് വരുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം ഒക്ടോബർ 20 ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് വനം വകുപ്പിന്റെ ക്ലിയറൻസ് ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു.

അതിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്, ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സംയുക്ത പരിശോധന പദ്ധതി പ്രദേശമായ കരിയംകാപ്പിൽ ഇന്നലെ നടന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.ടി. അനീഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, വാർഡ് മെമ്പർ ഷാന്റി സജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജിത്ത്, ശരവണ ഇൻഡസ്ട്രിസിന്റെ എൻജിനീയർമാരായ എം. കുമാർ, എൻ. വൈതിലിംഗം, എസ്. രാജേഷ്, എം.രാജശേഖർ എന്നിവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു.

3 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി പെൻസ്റ്റോക്ക് വഴി വെള്ളം കരിയംകാപ്പിൽ നിർമ്മിക്കുന്ന പവർ ഹൗസിൽ എത്തിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പൊതു സ്വകാര്യ സംയുക്ത സംരംഭമായി നിർമ്മിക്കുന്ന പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് 2016 ൽ സർക്കാരിന് സമർപ്പിച്ചിരുന്നു. സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതിയുടെ നോഡൽ ഏജൻസി. നിർമിച്ച് പ്രവർത്തിപ്പിച്ച് 30 വർഷം കഴിയുമ്പോൾ സർക്കാരിന് കൈമാറുന്ന രീതിയിലാണ് കരാർ.
അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതിക്കായി വനംവകുപ്പിന്റെ ക്ലിയറൻസ് ലഭിക്കുന്നതിനുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. വളരെ പെട്ടെന്ന് നിർമ്മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷ. നമ്മുടെ മേഖലയെ സംബന്ധിച്ച് വലിയൊരു വികസനമാണ് ഇതിന്റെ ഭാഗമായി വരാൻ പോകുന്നത്.സി.ടി. അനീഷ്, കേളകം പഞ്ചായത്ത് പ്രസിഡന്റ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!