യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരയവേ യുവാവ് തീവണ്ടി തട്ടി മരിച്ചു

യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുമ്പോള്‍ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകന് അബ്ദുൾബാസിദാ(21)ണ് മരിച്ചത്. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എം.എസ്.എഫ്. മണ്ഡലം വൈസ് പ്രസിഡന്റുമാണ്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കുമിടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. തെറിച്ചുവീണ ബാസിദിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. അഞ്ചുപേരും കാസര്‍കോട് ചെറക്കുളം ജി.എച്ച്.എസ്.എസില്‍ ഒരുമിച്ചുപഠിച്ചതാണ്.
ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നിൽനിന്നു വന്ന തീവണ്ടി കണ്ട് മറ്റുള്ളവർ നടുവിലെ പാളത്തിലേക്ക് മാറിയെങ്കിലും ഏറ്റവും പിന്നിലായിരുന്ന ബാസിദ് അപകടത്തിൽപ്പെട്ടു. തെറിച്ചുവീണ യുവാവിനെ കൂട്ടുകാർ ഓട്ടോറിക്ഷയിലാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ വർഷമാണ് അബ്ദുൾബാസിദ് ചട്ടഞ്ചാല്‍ എം.ഐ.സി. കോളേജിൽനിന്ന് ഡിഗ്രിപഠനം പൂർത്തിയാക്കിയത്. മുഹമ്മദ് തായലിന്റെയും ഹസീനയുടെയും മകനാണ്. സഹോദരങ്ങൾ: അജിനാസ് (വിദ്യാർഥി), മിൻഷാന, അനഫാത്തിമ (വിദ്യാർഥിനി). മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.