മുൻകാലങ്ങളിൽ 60 വയസ്സ് കഴിഞ്ഞവരിലാണ് ‘സ്‌ട്രോക്ക്’ അഥവാ മസ്‌തിഷ്‌കാഘാതം കൂടുതലായി കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ 40നും 50നും ഇടയിലുള്ളവരിലും രോഗം കൂടുതലായി കാണുന്നു. പലർക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനാവാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ചികിത്സ വൈകിയാൽ തലച്ചോറിലെ കോശങ്ങൾ നശിച്ച് ഗുരുതര വൈകല്യങ്ങളിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. സാധാരണ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ വളരെ പെട്ടെന്നായിരിക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുരുതരാവസ്ഥയാണ് സ്‌ട്രോക്ക്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി സ്രാവമുണ്ടായാലും ഇത് സംഭവിക്കാം.
പെട്ടെന്നുണ്ടാകുന്ന തലകറക്കം
കാഴ്ചമങ്ങുക, തലകറങ്ങുക, കൈ മരവിക്കുകയോ തളരുകയോ ചെയ്യുക, സംസാരം കുഴയുകയോ പെട്ടെന്ന് പൂർണമായും നിന്നുപോവുകയോ ചെയ്യുക, മുഖം കോടുക, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ് സ്‌ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങൾ. ചിലർക്ക് പെട്ടെന്ന് തലവേദനയുണ്ടാവുകയും ഏതാനും മിനിറ്റുകൾമാത്രം നീണ്ടുനിൽക്കുന്ന കുഴച്ചിൽ അനുഭവപ്പെടുകയോ ചെയ്യാം. പലരും ഇത്തരം ലക്ഷണങ്ങൾ കാര്യമായി എടുക്കാറില്ല. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ താൽക്കാലികമായി ഒരു രക്തക്കട്ടയുണ്ടാവുകയും അത് തനിയെ അലിഞ്ഞുപോവുകയും ചെയ്യുമ്പോൾ രോഗി വീണ്ടും പഴയത് പോലെയാകാറുണ്ട്. എന്നാൽ, ഈ തടസ്സം പൂർണ മായും നീങ്ങണമെന്നില്ല. ഇത്തരം താൽക്കാലിക അറ്റാക്കിനുശേഷം രണ്ടുദിവസത്തിനുള്ളിൽ ഗുരുതരമായ സ്ട്രോക്ക് വീണ്ടും ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ ചെറുതായാലും വലുതായാലും അവഗണിക്കാതെ ഉടൻ ചികിത്സ തേടണം.
സാധ്യത നേരത്തേ തിരിച്ചറിയാം
പുകവലിയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. മറ്റൊരു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും പുകവലികൊണ്ടുമാത്രം പലർക്കും സ്ട്രോക്ക് വരാറുണ്ട്. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാക്കുന്ന പ്രധാനവില്ലനാണ് പുകവലി. പുകവലിക്കാർ എപ്പോഴും സ്ട്രോക്കിനെ കരുതിയിരിക്കണം. പ്രായവും ഒരു പ്രധാനഘടകമാണ്. 60 വയസ്സുകഴിഞ്ഞവർ ആരോഗ്യ കാര്യങ്ങളിൽ നിരന്തരം ശ്രദ്ധപുലർത്തണം. പ്രമേഹമുള്ളവരും മദ്യപിക്കുന്നവരും ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരും ഹൈറിസ്ക് കാറ്റഗറിയിലുള്ളവരാണ്. മദ്യപാനവും ലഹരിയും രക്തക്കുഴലുകളിൽ നീരുണ്ടാക്കി അവ പൊട്ടാൻ ഇടയാക്കും. ഇത് തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാക്കും. ഉയർന്ന രക്തസമ്മർദമുള്ളവരിലും സ്ട്രോക്കുണ്ടാകാൻ സാധ്യതയുണ്ട്.
പാരമ്പര്യവും
രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ പ്ലേറ്റ്‌ലറ്റുകളുടെയോ എണ്ണംകൂടി ഞരമ്പുകൾ അടയുമ്പോഴും രക്തക്കുഴലുകളുടെ ഭിത്തികൾക്ക് തകരാർ ഉണ്ടാകുമ്പോഴും സ്ട്രോക്ക് ഉണ്ടാകാം. ഇവ രണ്ടും പാരമ്പര്യം വഴി കൈമാറുന്ന രോഗസാധ്യതകളാണ്. കുടുംബത്തിൽ ആർക്കെങ്കിലും സ്ട്രോക്ക് വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത തിരിച്ചറിയാനും നേരത്തേ പ്രതിരോധിക്കാനും പരിശോധനകൾ നടത്തണം. ഹൃദയ സംബന്ധമായ തകരാറുകൾ ഉള്ളവരിലും (വാൽവുകളിലെ വൈകല്യം, ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയുള്ളവരിൽ) മസ്തിഷ്കാഘാതമുണ്ടാകാൻ സാധ്യതയുണ്ട്.
ലക്ഷണം കണ്ടാൽ
ശരീരത്തിൽ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് കുറയുമ്പോൾ സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങളാണ് ശരീരം പ്രകടിപ്പിക്കുക. പക്ഷെ, മേൽപ്പറഞ്ഞവയിൽ താൽക്കാലിക ലക്ഷണങ്ങൾ കണ്ടാൽപ്പോലും, അവ തനിയെ മാറിക്കോളുമെന്ന് കരുതി അവഗണിക്കാതെ നിർബന്ധമായും പരിശോധനകൾക്ക് വിധേയമാകണം. പ്രത്യേകിച്ച്, സ്‌ട്രോക്ക് സാധ്യത കൂടുതലുള്ളവർ. ചെറുലക്ഷണങ്ങൾപോലും പരിശോധിച്ച് സ്‌ട്രോക്ക് അല്ലെന്ന് ഉറപ്പുവരുത്തണം.
സ്വയം അനുമാനങ്ങളിൽ എത്തരുത്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഒരു അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടണം. ഏറ്റവും അടിയന്തരമായി ചികിത്സ തേടേണ്ട രോഗമാണ് മസ്‌തിഷ്‌കാഘാതം. ഏറ്റവുമടുത്തുള്ള അടിയന്തര ചികിത്സാവിഭാഗത്തിൽ രോഗിയെ എത്തിക്കണം. പരമാവധി നാലു മണിക്കൂറിനുള്ളിൽ സ്ട്രോക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയിലെത്തണം. സമയം വൈകുന്തോറും രോഗിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടും. രോഗിയെ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞാൽ ആദ്യം സ്ട്രോക്ക് സ്ഥിരീകരിക്കണം. സ്ട്രോക്ക് ഉറപ്പിച്ചുകഴിഞ്ഞാൽ, അതിലേക്ക് നയിച്ച മൂലകാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. അതിനോടനുബന്ധിച്ച് മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടോയെന്നും നോക്കണം.
രോഗി ആശുപത്രിയിലെത്തിക്കഴിഞ്ഞ്, ചിലപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ മാറിയേക്കാം. പക്ഷെ രക്തക്കുഴലിൽ ഉണ്ടായ തടസ്സം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ബ്ലോക്ക് ഉണ്ടെങ്കിൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും തുടർചികിത്സ അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്ട്രോക്കിന് സാധ്യതയുണ്ട്.സ്‌ട്രോക്കിനെ പറ്റി സമൂഹത്തിൽ ബോധവൽക്കരണം അനിവാര്യമാണ്.