പുതിയ ഐ.ടി നയം; അഞ്ച് ലക്ഷം തൊഴിൽ, 20000 സ്റ്റാർട്ടപ്‌

Share our post

തിരുവനന്തപുരം : ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിൽ അടുത്ത അഞ്ചു വർഷം കൊണ്ട്‌ അഞ്ച്  ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ സംസ്ഥാന സർക്കാരിന്റെ പുതിയ ഐ.ടി നയം. സ്വകാര്യ പങ്കാളിത്തത്തോടെ ഐ.ടി ഇടം നിലവിലുള്ളതിന്റെ മൂന്നിരട്ടിയാക്കും. സ്വകാര്യ മേഖലയിൽ ഐ.ടി പാർക്ക്‌ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി ആവശ്യമെങ്കിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും കരട്‌ നയത്തിൽ പറയുന്നു. കരട്‌ നയത്തിൽ പൊതുജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം. തുടർന്ന്‌ അന്തിമ നയത്തിന്‌ രൂപം നൽകും.

അഞ്ച്  വർഷംകൊണ്ട്‌ രാജ്യത്തിന്റെ ഐ.ടി കയറ്റുമതിയിൽ 10 ശതമാനം വിഹിതം നേടുകയാണ്‌ ലക്ഷ്യം. സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തും. ഇതുവഴി രണ്ടുലക്ഷം തൊഴിലും 10,000 കോടി നിക്ഷേപവും പ്രതീക്ഷിക്കുന്നു. എല്ലാ വീട്ടിലും ഇന്റർനെറ്റ്‌ ലഭ്യതയും എല്ലാ വ്യവസായ ഇടങ്ങളിലും 5ജി നെറ്റ്‌വർക്കും ഉറപ്പുവരുത്തും. 100 ശതമാനം ഇ–ഓഫീസ് സേവനം ഉറപ്പാക്കുകയും എല്ലാ സർക്കാർ ആശയ വിനിമയങ്ങളും ഡിജിറ്റലാക്കുകയും ചെയ്യും. സ്‌റ്റാർട്ടപ്‌ മിഷൻ മാതൃകയിൽ കേരള ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ മിഷൻ രൂപീകരിക്കും. വിവിധ മേഖലകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും അടിസ്ഥാന സൗകര്യമൊരുക്കുകയുമാണ്‌ ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, ബ്ലോക്ക്‌ ചെയിൻ, ഡാറ്റ അനലിറ്റിക്‌സ്‌ തുടങ്ങിയ നൂതന സാങ്കേതിക വിദ്യാ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കും. എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന സൈബർ സുരക്ഷാ നയം രൂപീകരിക്കും. ഐ.ടി, ഐ.ടി ഇതര, ഇലക്‌ട്രോണിക്‌സ്, ഹൈടെക് തൊഴിലുകളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കും. പുതിയ കാലഘട്ടത്തിന് അനുസൃതമായി ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.

ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിൽ സൈബർ സുരക്ഷ, ഡിജിറ്റൽ മാധ്യമ സാക്ഷരത എന്നിവ ഉൾപ്പെടുന്ന ഐസിടി പാഠപുസ്‌തകം നൽകും. അഞ്ചു വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർഥികൾക്ക് റോബോട്ടിക്‌സ് അടക്കമുള്ള മേഖലകളിൽ പ്രത്യേക പരിശീലനം നൽകും. ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ മേഖലകളിൽ ഹൈ ടെക്‌നോളജി വ്യവസായങ്ങൾ വികസിപ്പിക്കും. ബഹിരാകാശ, പ്രതിരോധ മേഖലകളിലെ സംരംഭങ്ങൾക്ക്‌ മുഖ്യ പരിഗണന നൽകുമെന്നും നയത്തിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!