പൊന്നോമനകള്‍ സുരക്ഷിതരായിരിക്കട്ടേ; അങ്കണവാടിക്ക് അഞ്ച് സെന്റ് സ്ഥലം നല്‍കി ശിവദാസൻ

Share our post

സുരക്ഷിതമായ വഴിയില്ലാത്തതിനാല്‍ കോട്ടക്കുളം അങ്കണവാടി മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി. പുതിയ കെട്ടിടത്തിനായി പഞ്ചായത്ത് പണവും അനുവദിച്ചു. എന്നാല്‍, സ്ഥലമില്ലാത്തതിനാല്‍ പണി നടന്നില്ല. കുട്ടികളുടെ ദുരിതംകണ്ട് അങ്കണവാടിക്കെട്ടിടം നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയിരിക്കുകയാണ് പ്രദേശവാസി.

മറയൂർ കോട്ടക്കുളം കൈലാസം വീട്ടിൽ ആർ.ശിവദാസൻ ആണ് അഞ്ചുസെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. വീടിന് മുൻവശത്ത് സെന്റിന് രണ്ടുമുതൽ മൂന്നുലക്ഷം രൂപ വരെ വിലമതിക്കുന്ന സ്ഥലമാണ് കുട്ടികൾക്കായി ശിവദാസനും ഭാര്യ ബിന്ദുവും യാതൊരുവിധ നിബന്ധനകളുമില്ലാതെ വിട്ടുനൽകിയത്. മറയൂർ പഞ്ചായത്താഫീസിലെത്തി സ്ഥലം വിട്ടുനൽകിയതായുള്ള സമ്മതപത്രം ഒപ്പിട്ട് പഞ്ചായത്തംഗങ്ങളായ ഉഷാ ഹെൻട്രി ജോസഫിനും പഞ്ചായത്തംഗം അംബിക രഞ്ജിത്തിനും കൈമാറി.

ഇപ്പോൾ കുട്ടികൾ ഏറെ ദുരിതമനുഭവിച്ചാണ് വന്നുകൊണ്ടിരുന്നത്. ഈ കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലവും സമീപവാസിയായ ഗുണശേഖരൻ സൗജന്യമായി വിട്ടുനൽകിയതാണ്. പൊട്ടിപ്പൊളിഞ്ഞ കനാലിന്റെ മുകളിലൂടെയാണ് കുട്ടികൾ നടന്നുപോയിക്കൊണ്ടിരുന്നത്. പല കുട്ടികളും അപകടത്തിൽപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥലം തേടിയത്. പുതിയ സ്ഥലത്തേക്ക് സുരക്ഷിത വഴിയുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!