ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നവംബർ നാലിന്

കൊച്ചി : ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ എറണാകുളം പോക്സോ കോടതി നവംബർ നാലിന് വിധി പറയും. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ജൂലൈ 28 നാണ് അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്. ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ തുടങ്ങിയത്. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിൽ പ്രതി. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത വീട്ടിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പോലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല.
അതിനിടയിലാണ് ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലും പോസ്റ്റ്മോർട്ടം പരിശോധനയിലും കുട്ടി പീഡനത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായി. കൊലപാതകം, ബലാത്സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കേസിൽ വളരെ വേഗത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.