യാത്രക്കാര്‍ക്ക് വഴിമുടക്കിയായി റോഡരികില്‍ കൂട്ടിയിട്ട തടിക്കഷ്ണങ്ങള്‍

തലശ്ശേരി: യാത്രക്കാര്‍ക്ക് വഴിമുടക്കിയായി റോഡരികില്‍ കൂട്ടിയിട്ട തടിക്കഷ്ണങ്ങള്‍.ജൂബിലി റോഡില്‍ യത്തീംഖാനക്ക് മുന്‍വശത്ത് റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ തണല്‍ മരങ്ങളാണ് കാല്‍നട ക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നത്.മുറിച്ചു നീക്കിയ കൂറ്റന്‍ മരത്തിന്റെ കഷ്ണങ്ങള്‍ റോഡരികില്‍ തന്നെ കൂട്ടിയിട്ടതാണ് കാല്‍നടക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്.
ദേശീയ പാതയായതിനാല്‍ ദീര്‍ഘ ദൂര ബസുകളും ലോറികളും കടന്നു പോകുന്നത് ഇതു വഴിയാണ്. റോഡാണെങ്കില്‍ വീതി കുറഞ്ഞതും പൊട്ടിത്തകര്‍ന്നതുമാണ്. തടിക്കഷ്ണങ്ങള്‍ മുറിച്ചിട്ടട്ട് ഏകദേശം 3 മാസത്തോളമായി. നഗരസഭ അധികൃതരാണ് മരം മുറിച്ച് കഷ്ണങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലെ ഓവു ചാലിലും വലുപ്പമേറിയ തടിക്കഷ്ണങ്ങള്‍ മുറിച്ചിട്ടത് ഇതുവഴിയുള്ള മലിനജല ഒഴുക്കിന് തടസ്സമുണ്ടാക്കുന്നുണ്ട്.
മഴയൊന്നു പെയ്താല്‍ ഓവുചാല്‍ കവിഞ്ഞൊഴുകി റോഡിലേക്ക് പരക്കുന്നതും പതിവാണ്.നഗരത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകി വരുന്ന മലീമസമായ അഴുക്കു വെള്ളം ചവിട്ടി വേണം കാല്‍ നടക്കാര്‍ സഞ്ചരിക്കാന്‍.നഗരസഭയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രദേശത്തെ കച്ചവടക്കാരില്‍ നിന്നും കാല്‍ നടയാത്രക്കാരില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്.