കളമശ്ശേരി സ്‌ഫോടനം: മരണം രണ്ടായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുമാരി (53 ) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.
അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരിൽ ഒരാളാണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. സംഭവസമയത്ത് തന്നെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർ രാജഗിരി ആശുപത്രിയിലും ആസ്റ്റർ മെഡ് സിറ്റിയിലുമായി ഗുരുതരാവസ്ഥയിലുണ്ട്.
വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കൻഡറി തലത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി. പൊള്ളലേറ്റവർക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർ, കോട്ടയം, തൃശൂർ, കളമശേരി മെഡിക്കൽ കോളേജുകൾ, ആരോഗ്യ കുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്.