ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ തിരുപ്പതി മാതൃക; സന്നിധാനത്തേക്കുള്ള അറിയിപ്പ്‌ എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ

Share our post

ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാൻ ഇത്തവണ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തിരുപ്പതി മോഡൽ ക്യൂ. പോലീസിന്റെ സഹായത്തോടെ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ഈ സംവിധാനം നട തുറക്കും മുമ്പ് സജ്ജമാക്കും.

ടെൻഡർ പൂർത്തിയായി. തിരുവനന്തപുരം ആസ്ഥാനമായ റെഡ് ക്ലിക്ക് ഇൻഫോടെക് ആണ് കരാറുകാർ. 19.50 ലക്ഷമാണ് ചെലവ്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിൽ എട്ടുവർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ആറ് ക്യൂ കോംപ്ലക്‌സുകളിൽ ഇത് സജ്ജമാക്കും.

പ്രവർത്തനം ഇങ്ങനെ

നീലിമലപ്പാതവഴി വരുന്ന തീർഥാടകരെ ഓരോ ക്യൂ കോംപ്ലക്സിലേക്കും കടത്തിവിടും. ഒരു കോംപ്ലക്‌സിൽ മൂന്ന് ഹാളുണ്ടാകും. മൊത്തം 18 ഹാൾ. ഇവിടങ്ങളിൽ എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡ് ഉണ്ട്. ഇതിൽ സന്നിധാനത്തെ തിരക്ക്, കടത്തിവിടുന്ന സമയം എന്നിവ പ്രദർശിപ്പിക്കും. അനൗൺസ്‌മെന്റും ഉണ്ടാകും.

സന്നിധാനത്തെ പോലീസിന്റെ സന്ദേശത്തിന് അനുസരിച്ച് ക്യൂ കോംപ്ലക്സ് തുറക്കുന്ന സമയം ക്രമീകരിക്കും. ഈ സംവിധാനം പോലീസ് നിയന്ത്രിക്കും. എല്ലാ കോംപ്ലക്സിലും ശൗചാലയം, ഇരിപ്പിടം, ഫാൻ എന്നിവ ഉണ്ടാകും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും.

ഇതോടെ, മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സ്ഥിതി മാറും. ഇവിടെ വിശ്രമിച്ച് സാവധാനം ദർശനം നടത്താം. ശബരിമല മാസ്റ്റർ പ്ലാനിലുൾപ്പെടുത്തി മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിൽ ഒമ്പതുകോടി രൂപ മുടക്കിയാണ് നിർമാണം. വനംവകുപ്പാണ് ഭൂമി വിട്ടുകൊടുത്തത്.

എട്ടുവർഷംമുമ്പ്, തീർഥാടകരുടെയും പോലീസിന്റെയും പരാതിയെത്തുടർന്നാണ് ക്യൂ കോംപ്ലക്സ് ഉപയോഗം ബോർഡ് അവസാനിപ്പിച്ചത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞ, കഴിഞ്ഞ തീർഥാടനകാലയളവിൽ പതിനെട്ടാംപടി മുതൽ ശരംകുത്തിവരെ നീണ്ട ക്യൂ ഉണ്ടായി. പലപ്പോഴും ഭക്ഷണവും വെള്ളവുമില്ലാതെ തീർഥാടകർ വലഞ്ഞു. വിഷയത്തിൽ, ഹൈക്കോടതി പലതവണ ദേവസ്വം ബോർഡിനോടും പോലീസിനോടും വിശദീകരണം തേടി. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സംവിധാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!